ദുബായിൽവച്ച് തിരുവനന്തപുരം മുക്കോല ബിവിനത്തിൽ അനിൽ കെ.വിൻസെന്റിനെ പാക്കിസ്ഥാൻ സ്വദേശികൾ കൊലപ്പെടുത്തിയത് ഇവർ നടത്തിയ സാമ്പത്തിക തിരിമറി കണ്ടെത്തിയതിനെ തുടർന്നെന്ന് സൂചന.
36 വർഷമായി ദുബായിലെ ടി സിങ് ട്രേഡിങ് എൽഎൽസിയിലെ പിആർഒ ആയിരുന്നു 58 വയസ്സുകാരനായ അനിൽ. ദുബായ് ടെക്സ്റ്റൈൽ സിറ്റിക്കകത്തെ വെയർ ഹൗസിലായിരുന്നു കൊലപാതകം.
അനിലിന്റെ മൂത്ത സഹോദരൻ അശോക് കുമാർ വിൻസന്റ് ഇതേ കമ്പനിയിൽ ഫിനാൻസ് മാനേജറാണ്
ഇദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ജോലി സംബന്ധമായ ആവശ്യത്തിന് ഈ മാസം 2ന് സഹപ്രവർത്തകനായ പാക്കിസ്ഥാൻ പൗരന്റെയും ഇയാൾ സഹായത്തിനു വിളിച്ച മറ്റൊരു പാക്കിസ്ഥാൻകാരന്റെയും കൂടെ അനിൽ ദുബായ് ടെക്സ്റ്റൈൽ സിറ്റിയിലെ വെയർ ഹൗസിലേക്ക് പോയത്. പിന്നീട് ആരും അനിലിനെ ജീവനോടെ കണ്ടിട്ടില്ല.
കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഷാർജയിലെ മരുഭൂമിയിൽ കുഴിച്ചിട്ട നിലയിലാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്. അനിലിനായുള്ള തിരച്ചിലിൽ കൊലയാളിയും ഉണ്ടായിരുന്നതായി സഹോദരൻ അശോക് കുമാർ പറഞ്ഞു.