കറുകപ്പിള്ളിയിലെ ഹോട്ടൽ മുറിയിൽ വെച്ച് അമ്മയും പുരുഷ സുഹൃത്തും ചേർന്ന് ഒന്നേകാൽ വയസ്സുള്ള ആൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
കേസന്വേഷിച്ച എളമക്കര എസ്.എച്ച്.ഒ. ജെ.എസ്. സജീവ്കുമാറാണ് 130 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കുഞ്ഞിന്റെ അമ്മ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി വി.പി. ഷാനിഫ് (25) എന്നിവരാണ് പ്രതികൾ.
62 സാക്ഷികളുണ്ട്. 2023 ഡിസംബർ 5- നായിരുന്നു സംഭവം. അമ്മ അശ്വതിയുടെ സുഹൃത്തായ ഷാനിഫാണ് കൊല നടത്തിയതെന്ന് കുറ്റപത്രം പറയുന്നു.
തലയോട്ടിക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണ കാരണം. മരിച്ചുവെന്ന് ഉറപ്പാക്കാൻ കുട്ടിയുടെ ശരീരത്തിൽ കടിച്ചതായും പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.
ഇക്കാര്യവും കുറ്റപത്രത്തിലുണ്ട്. കടിച്ചപ്പോൾ കുഞ്ഞ് കരഞ്ഞില്ലെന്നും ഇതോടെ മരണം ഉറപ്പിക്കുകയായിരുന്നുവെന്നുമായിരു ന്നു മൊഴി. കടിയേറ്റതിന്റെ പാടുകൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നു.സാമൂഹിക മാധ്യമത്തിലൂടെയാണ് അശ്വതിയും ഷാനിഫും പരിചയപ്പെട്ടത്.
ഇരുവരും നിയമപ്രകാരം വിവാഹിതരല്ല. തന്നെ പരിചയപ്പെടുമ്പോൾ അശ്വതി നാലുമാസം ഗർഭിണിയായിരുന്നുവെന്നും ആ കുഞ്ഞാണ് ഇതെന്നുമാണ് ഷാനിഫ് പോലീസിനോട് പറഞ്ഞത്.
മറ്റൊരാളുടെ കുഞ്ഞ് തങ്ങളുടെ ജീവിതത്തിൽ ബാധ്യതയാകുമെന്നു കരുതി കുഞ്ഞിനെ ഇല്ലാതാക്കാൻ ഷാനിഫ് ശ്രമം തുടങ്ങിയിരുന്നുവെന്നും പോലീസ് കണ്ടെത്തി.
മൃതദേഹം ഏറ്റെടുക്കാൻ അശ്വതിയുടെ ആദ്യ പങ്കാളിയായ കണ്ണൂർ സ്വദേശി തയ്യാറായില്ല. അശ്വതിയുടെ
ബന്ധുക്കളടക്കം ആരും ഏറ്റെടുക്കാനില്ലാതിരുന്ന കുഞ്ഞിന്റെ മൃതദേഹം കൊച്ചി കോർപ്പറേഷന്റെയും പോലീസിന്റെയും നേതൃത്വത്തിലാണ് സംസ്കരിച്ചത്.