ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ. നിയമത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകിയാൽ അത് തിരികെ എടുക്കാൻ കഴിയില്ലെന്നും ലീഗ് സുപ്രീം കോടതിയിൽ പറഞ്ഞു. എന്നാൽ സുപ്രീം കോടതിയിലെ ഹർജിക്കാർക്ക് ഈ വിഷയത്തിൽ കേസ് നൽകാൻ അവകാശമില്ലെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു.
2019-ൽ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയിൽ നാലുവർഷവും, മൂന്ന് മാസങ്ങൾക്കും ശേഷമാണ് ചട്ടങ്ങൾ പുറത്തിറക്കിയിരിക്കുന്നത് എന്ന് മുസ്ലിം ലീഗിന്റെ അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. 2019-ൽ നിയമം ചോദ്യംചെയ്ത് തങ്ങൾ കോടതിയിൽ എത്തിയതാണ്. അന്ന് കോടതി നോട്ടീസ് അയച്ചുവെങ്കിലും, ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാത്തതിനാൽ സ്റ്റേ ആവശ്യപെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ തെരെഞ്ഞെടുപ്പ് അടുത്ത് എത്തിയപ്പോഴാണ് കേന്ദ്രം ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതെന്ന് സിബൽ ആരോപിച്ചു. ലീഗിനുവണ്ടി അഭിഭാഷകൻ ഹാരിസ് ബീരാനും ഹാജരായി.
എന്നാൽ, പൗരത്വ നിയമ ഭേദഗതിയിൽ തെരെഞ്ഞെടുപ്പ് ഒരു വിഷയമല്ലെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. കേസിൽ വാദം കേൾക്കുന്നതിന് എതിരല്ല. എന്നാൽ, സുപ്രീം കോടതിയിലെ ഹർജിക്കാർക്ക് ഈ വിഷയത്തിൽ കേസ് നൽകാൻ അവകാശമില്ലെന്ന് സോളിസിസ്റ്റർ ജനറൽ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ചൊവ്വാഴ്ച്ച ഹർജികളിൽ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.