ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാട്‌സ്ആപ്പ് സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ. വികസിത് ഭാരത് സന്ദേശമാണ് തടഞ്ഞത്. പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് മോദി പ്രചരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതി ചണ്ഡീഗഢ് റിട്ടേണിങ് ഓഫീസർ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. വാട്സ് ആപ് സന്ദേശത്തിലുടെയും പ്രചാരണയോഗങ്ങൾക്കെത്താൻ നാവികസേനാ വിമാനം ഉപയോഗിച്ചും മോദി ചട്ടലംഘനം നടത്തുന്നുവെന്നാണ് പരാതി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിലായിരുന്നു വികസിത ഭാരതം എന്ന തലക്കെട്ടിൽ മോദിയുടെ കത്ത് വാട്‌സാപ്പിൽ ലക്ഷങ്ങൾക്ക് ലഭിച്ചത്. വിദേശത്തുള്ള പൗരന്മാർക്കടക്കം കൂട്ടസന്ദേശമെത്തിയത് വ്യക്തിവിവര സുരക്ഷാപ്രശ്നനവും ഉയർന്നിരുന്നു.
ഇത് ചൂണ്ടിക്കാട്ടിയാണ് ചണ്ഡീഗഢ് സ്വദേശി മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ സജ്ജമാക്കിയ സി-വിജിൽ ആപ്പിലൂടെ പരാതി നൽകിയത്. പ്രഥമദൃഷ്ട്യാ മോദിയുടേത് പെരുമാറ്റ ചട്ടലംഘനമാണെന്ന് ചണ്ഡീഗഢ് റിട്ടേണിങ് ഓഫീസർ വിനയ് പ്രതാപ് സിങ് സ്ഥിരീകരിച്ചു. ചണ്ഡീഗഢിലെ ജില്ലാ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയാണ് പരാതി പരിശോധിച്ചത്.