ന്യൂഡൽഹി:തെരഞ്ഞെടുപ്പിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. ആരാധനാലയങ്ങളുടെയും ദൈവങ്ങളുടെയും പേരിൽ വോട്ട് ചോദിച്ചെന്ന് ചൂണ്ടിക്കാട്ടി ആനന്ദ് എസ്. ജോന്ദാലെ എന്ന അഭിഭാഷകൻ ഡൽഹി ഹൈകോടതിയിലാണ് ഹരജി നൽകിയത്.
മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങൾ വോട്ടർമാർക്കിടയിൽ മതപരമായും ജാതീയമായും വിദ്വേഷം സൃഷ്ടിക്കുന്നതാണെന്ന് ഹരജിയിൽ പറയുന്നു. ഏപ്രിൽ ഒൻപതിന് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗം ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രധാനമന്ത്രി ഹിന്ദു, സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ട് തേടുക മാത്രമല്ല, എതിർ രാഷ്ട്രീയ പാർട്ടികൾക്കും മുസ്‌ലിംകൾക്കും എതിരെ അഭിപ്രായം പറയുകയും ചെയ്യുന്നുവെന്നും ഹരജിയിൽ പറയുന്നു. അതിനാൽ, ജനപ്രാതിനിധ്യ നിയമപ്രകാരം പ്രധാനമന്ത്രിയെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽനിന്ന് അയോഗ്യനാക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.