കണ്ണൂർ: കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു.ശേഷം ശിക്ഷാ വിധി ഇന്നത്തേക്ക് മാറ്റി വെച്ചതാണ്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.
കൃത്യമായ സാക്ഷി മൊഴികളും തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞത് പ്രതിക്ക് പരമാവധി ശിക്ഷ നൽകാൻ സഹായമാകുമെന്നും പ്രോസിക്യൂഷൻ കരുതുന്നു.2022 ഒക്ടോബർ 22നാണ് പട്ടാപ്പകൽ വീട്ടിൽ കയറി വിഷ്ണുപ്രിയയെ സുഹൃത്ത് ശ്യാംജിത്ത് അതിദാരുണമായി കൊലപ്പെടുത്തിയത്.
പാനൂർ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടിൽ വിനോദിന്റെ മകൾ വിഷ്ണുപ്രിയയെ (23) പകൽ 12 മണിയോടെ വീട്ടിലെ കിടപ്പ് മുറിയിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ മണിക്കൂറുകൾക്കകം മാനന്തേരിയിലെ താഴെകളത്തിൽ എ ശ്യാംജിത്തിനെ (25) പൊലീസ് അറസ്റ്റ് ചെയിതു. പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലയിലേക്ക് നയിച്ചത്. കൊല മൃഗീയമായിരുന്നുവെന്നാണ് കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചത്.
ബാഗിൽ മാരക ആയുധങ്ങളുമായെത്തിയാണ് പ്രതി വിഷ്ണുപ്രിയയെ അക്രമിച്ചത്. ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം ഇരു കൈകൾക്കും പരിക്കേൽപ്പിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.29 മുറിവുകൾ ശരീരത്തിലുണ്ടായിരുന്നുവെന്ന് വിഷണുപ്രിയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കഴുത്ത് അറ്റുത്തൂങ്ങിയ നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ച മജിസ്ട്രേറ്റിന് മുന്നിൽ പ്രതി മൗനം പാലിക്കുകയായിരുന്നു.