റായ്പൂർ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഴുവൻ സമയ നായികയായി ചുമതലയേറ്റ സ്റ്റാർ ഓപ്പണർ സ്മൃതി മന്ദാനയ്ക്ക് ആദ്യ ദൗത്യം ഇന്ന്. സിംബാബ്വെക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര ഇന്ന് വൈകീട്ട് 7ന് റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിങ് സ്റ്റേഡിയത്തിൽ തുടങ്ങും.
2027-ൽ ഇന്ത്യയിൽ വെച്ച് നടക്കാനിരിക്കുന്ന വനിതാ ചാമ്പ്യൻസ് ട്രോഫി മുന്നിൽകണ്ടാണ് പുതിയ ക്യാപ്റ്റന്റെ നീക്കം. അടുത്തിടെയാണ് ഹർമൻപ്രീത് കൗറിൽ നിന്ന് സ്മൃതി ക്യാപ്റ്റൻസി ഏറ്റെടുത്തത്.
സ്മൃതിയും ഷഫാലി വർമയും ചേർന്ന് മികച്ച തുടക്കം നൽകാറുണ്ടെങ്കിലും മധ്യ ഓവറുകളിൽ റൺ റേറ്റ് ഉയർത്താൻ ഇന്ത്യ പലപ്പോഴും ബുദ്ധിമുട്ടാറുണ്ട്. മൂന്നാം നമ്പറിൽ വിശ്വസ്തയായ ബാറ്ററെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഹർമന് പരമ്പര നിർണായകമാകും.
മലയാളി ഓൾ റൗണ്ടർ മിന്നു മണി ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തി. അനുഷ്ക ശർമ, നിക്കി പ്രസാദ്, ജി കമാലിനി തുടങ്ങിയ യുവ ഓൾ റൗണ്ടർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ദീപ്തി ശർമയ്ക്കൊപ്പം വിക്കറ്റുകൾ വീഴ്ത്താൻ ലെഗ് സ്പിന്നർ പ്രേമ റാവത്തിനും പരമ്പരയിൽ അവസരം ലഭിച്ചേക്കും.