ജിദ്ദ: ഇനി മുതൽ ഉംറ വിസകൾ ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വീസാ കാലാവധി കണക്കാക്കുക എന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇതുവരെ സൗദിയിൽ പ്രവേശിക്കുന്ന ദിവസം മുതലാണ് ഉംറ വീസാ കാലാവധി കണക്കാക്കിയിരുന്നത്. ഏതു ദിവസം ഇഷ്യു ചെയ്‌തതാണെങ്കിലും കാലാവധി അവസാനിക്കുന്ന ദിവസം എല്ലാ വർഷവും ദുൽഖഅ്ദ 15 ആയിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
വിദേശങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകരുടെ ഒഴുക്ക് ആരംഭിക്കുന്നത് കണക്കിലെടുത്താണ് ഹജ്, ഉംറ മന്ത്രാലയവും വിദേശ മന്ത്രാലയവും ഏകോപനം നടത്തി ഉംറ വീസാ കാലാവധി അവസാനിക്കുന്ന ദിവസം ദുൽഖഅ്ദ ദുൽഖഅ്ദ 15 ആയി നിർണയിച്ചത്. നേരത്തെ ദുൽഖഅ്ദ 29 വരെ കാലാവധി അനുവദിച്ചിരുന്നു. കാലാവധി അവസാനിക്കുന്ന ദിവസം പതിനാലു ദിവസം നേരത്തെയാക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.
ഇഷ്യു ചെയ്യുന്ന ദിവസം മുതൽ മൂന്നു മാസമാണ് ഉംറ വീസാ കാലാവധിയെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പുതിയ അപേക്ഷ സ്വീകരിക്കുന്നതും നേരത്തെയാക്കിയിട്ടുണ്ട്. ഇനി മുതൽ എല്ലാ വർഷവും ദുൽഹജ് 15 മുതൽ അപേക്ഷകൾ സമർപ്പിക്കാൻ കഴിയും.