റിയാദ്: സൗദി മരുഭൂമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ യുവാവും സുഹൃത്തും നിര്‍ജലീകരണവും തളര്‍ച്ചയും മൂലം മരിച്ചു. 27കാരനായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷെഹ്സാദ് ഖാന്‍ ആണ് സൗദിയിലെ റുബുഉല്‍ ഖാലി മരുഭൂമിയില്‍ മരണപ്പെട്ടത്. യാത്രക്കിടെ കാറിന്‍റെ ഇന്ധനം തീർന്നതോടെ മരുഭൂമിയിൽ കുടുങ്ങുകയായിരുന്നു.
ഒരു ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയില്‍ മൂന്ന് വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു തെലങ്കാന കരിംനഗര്‍ സ്വദേശിയായ യുവാവ്. ഷഹ്സാദ് ഖാനും സഹപ്രവർത്തകനും ജോലിയുടെ ഭാഗമായുള്ള യാത്രക്കിടയിലാണ് മരുഭൂമിയിൽ കുടുങ്ങിയത്. വാഹനത്തിൻറെ ഇന്ധനം തീർന്നു. അതിനിടയിൽ മൊബൈൽ ഫോണിന്‍റെ ബാറ്ററിയുടെയും ചാർജ് കഴിഞ്ഞു. ആരെയെങ്കിലും വിളിച്ചുപറയുന്നതിനോ സഹായം തേടുന്നതിനോ അത് തടസ്സമായി. ജിപിഎസ് സിഗ്നൽ നഷ്ടപ്പെട്ടതിനാൽ കമ്പനിയുടെ ആളുകൾക്ക് ഇവരെ ലൊക്കേറ്റ് ചെയ്യാനും കഴിഞ്ഞില്ല.
നാല് ദിവസമാണ് ലോകത്തെ ഏറ്റവും അപകടം പിടിച്ച 650 കിലോമീറ്റർ വിസ്തൃതിയിൽ നീണ്ടുപരന്ന് കിടക്കുന്ന വിജന മരുഭൂമിയിൽ അകപ്പെട്ട് പോയത്. കടുത്ത വേനൽ കൂടിയായതിനാൽ വളരെ പെട്ടെന്ന് നിർജ്ജലീകരണത്തിന് അടിപ്പെട്ടു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് പ്രാർഥനയിൽ അഭയം തേടിയതെന്ന് തോന്നിക്കുംവിധം വാഹനത്തിന് സമീപം വിരിച്ച നമസ്കാര (മുസല്ല) പരവതാനിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഭക്ഷണവും വെള്ളവും കിട്ടാതെ കൊടുംചൂടില്‍ നിര്‍ജലീകരണവും തളര്‍ച്ചയും മൂലം മരണപ്പെടുകയായിരുന്നു. വ്യാഴാഴ്ചയാണ് രണ്ടുപേരുടെയും മൃതദേഹം മരുഭൂമിയില്‍ ഇവരുടെ വാഹനത്തിന് അടുത്ത് നിന്ന് കണ്ടെത്തിയത്. നാല് ദിവസത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്