കോഴിക്കോട് : റവന്യുജില്ലാ സ്കൂൾ കലോത്സവം 19 മുതൽ 23 വരെ 20 വേദികളിലായി കോഴിക്കോട്ടുനടക്കും. മലബാർ ക്രിസ്ത്യൻ കോളേജ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടാണ് പ്രധാനവേദി. 19-ന് നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽവെച്ച് സ്റ്റേജിതര മത്സരങ്ങളോടുകൂടി കലോത്സവം ആരംഭിക്കും. 20 മുതൽ 23 വരെ സ്റ്റേജ് മത്സരങ്ങൾ നടക്കും.
319 ഇനങ്ങളിലായി എണ്ണായിരത്തോളം മത്സരാർഥികൾ പങ്കെടുക്കും. ഈവർഷം പുതുതായി ഉൾപ്പെടുത്തിയ ആദിവാസി ഗോത്രകലകളായ ഇരുളനൃത്തം, പാലിയനൃത്തം, പണിയനൃത്തം, മംഗലംകളി, മലപുലയ ആട്ടം എന്നിവ ബി.ഇ.എം. ഹയർസെക്കൻഡറി സ്കൂളിലെ വേദിയിൽ അരങ്ങേറും. കോഴിക്കോട്ടുകാരായ മൺമറഞ്ഞ സാഹിത്യകാരന്മാരുടെ പേരുകളാണ് വേദികൾക്ക് നൽകിയിട്ടുള്ളത്.
കലോത്സവപ്പന്തലിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. ചെയർമാനായുള്ള 501 അംഗ സംഘാടകസമിതിയാണ് കലോത്സവത്തിന് നേതൃത്വംനൽകുന്നത്.
മന്ത്രി എ.കെ. ശശീന്ദ്രൻ 20-ന് രാവിലെ എട്ടിന് മേള ഉദ്ഘാടനംചെയ്യും. സാഹിത്യകാരൻ ബെന്യാമിൻ മുഖ്യാതിഥിയാവും. 23-ന് വൈകുന്നേരം അഞ്ചിന് ഡോ. എം.കെ. മുനീർ എം.എൽ.എ. സമാപനസമ്മേളനം ഉദ്ഘാടനംചെയ്യും. പത്രസമ്മേളനത്തിൽ ഡി.ഡി.ഇ. സി. മനോജ്കുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി. ഗിരീഷ്‌കുമാർ പി.കെ. അബ്ദുൽ സത്താർ, പി. മുഹമ്മദലി, കെ.എൻ. ദീപ, ഇ.പി. മുഹമ്മദ് എന്നിവർ പങ്കെടുത്തു.