രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ. ആദ്യ ഫല സൂചനകൾ ഒന്പത് മണിയോടെ അറിയാം.
ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് വയനാട് ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുക. കല്‍പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് എണ്ണുക.
നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അമല്‍ കോളജ് മൈലാടി സ്‌കില്‍ ഡെവലപ്പ്മെന്റ് ബില്‍ഡിങ്ങിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കൂടത്തായി സെന്റ് മേരീസ് എല്‍.പി സ്‌കൂളിലുമാണ് എണ്ണുക. തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള അസി. റിട്ടേണിങ് ഓഫിസര്‍മാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവരെ വോട്ടെണ്ണിലിനായി നിയോഗിച്ചു. വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും.
വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്ക് അഞ്ച് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു യുഡിഎഫ് നേതാക്കൾ പ്രചാരണഘട്ടത്തിൽ ഉടനീളം പറഞ്ഞിരുന്നത്. എന്നാൽ പോളിംഗ് കഴിഞ്ഞതോടെ അതിപ്പോൾ നാല് ലക്ഷത്തിലേക്ക് ചുരുങ്ങി.
കാരണം പോളിംഗ് ശതമാനത്തിലെ കുറവാണ്. എട്ട് ശതമാനത്തോളം വോട്ടുകളാണ് കഴിഞ്ഞ തവണത്തെക്കാൾ കുറഞ്ഞത്. തങ്ങളുടെ വോട്ടുകൾ പരമാവധി പോൾ ചെയ്യിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് നേതാക്കളുടെ അവകാശവാദം. കഴിഞ്ഞ തവണത്തെ വോട്ടുവിഹിതം ഇക്കുറി ഉണ്ടാകുമോ എന്നാണ് എൽഡിഎഫിന്റെയും ബിജെപിയുടെയും ആശങ്ക.
പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പാലക്കാട് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ-എൽഡിഎഫ്,യുഡിഎഫ് മുന്നണികൾ. എന്നാൽ പാലക്കാടും വയനാടും നിലനിർത്താനാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ചേലക്കര പിടിച്ചെടുക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോൾ നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. പോളിംഗ് കുറവിലും ആത്മവിശ്വാസത്തിലാണ് പാലക്കാട്ടെ മുന്നണികൾ. എൽഡിഎഫ് അനുഭാവവോട്ടുകളും ലഭിച്ചെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അവകാശവാദം. അമ്പതിനായിരം വോട്ടുകൾ ലഭിക്കുമെന്ന് LDF സ്ഥാനാർഥി ഡോക്ടർ പി സരിനും, അയ്യായിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറും പറഞ്ഞു.
ചേലക്കരയിൽ ആകെ പോൾ ചെയ്തത് 72.77% വോട്ട്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ 4 ശതമാനം കുറവ്. ഈ നാല് ശതമാനത്തിലാണ് മുന്നണികളുടെ നെഞ്ചിടിപ്പ്. അവസാനവട്ട കണക്കുകൂട്ടലുകളിൽ കഷ്ടിച്ചു കയറിക്കൂടാമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം എൽഡിഎഫ് നിലനിർത്തിയത് 39400 വോട്ടിന്റെ ഭൂരിക്ഷത്തിൽ. ഇക്കുറി അതിനോടടുക്കാനാവില്ല. 10000 – 15000 വരെ മാത്രമാണ് പ്രതീക്ഷ. ആത്മവിശ്വാസത്തിനപ്പുറം ജാഗ്രതക്കുറവുണ്ടായെന്നാണ് മുന്നണിയിലെ തന്നെ വിമർശനം.