മുക്കം:വട്ടോളി പറമ്പില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീവെച്ചതായി ആരോപണം. വട്ടോളിപറമ്പ് സ്വദേശിനി ശ്രീദേവിയുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന മരുമകന്റെ ബൈക്കാണ് കത്തിനശിച്ചത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് വീടിന്റെ വയറിങ്ങും പൂര്‍ണമായി കത്തിനശിച്ചു. ശ്രീദേവിയുടെ മകന്‍ ശ്രീവേഷ് ആണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നാണ് ശ്രീവേഷ് കടുംകൈ ചെയ്തതെന്ന് വീട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ച രാത്രി പത്തരമണിയോടെ ആയിരുന്നു സംഭവം.
സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ശ്രീവേഷ് വര്‍ഷങ്ങളായി വീട്ടില്‍ നിന്നും മാറിയാണ് താമസിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ അമ്മയും സഹോദരിയും ഭര്‍ത്താവും താമസിക്കുന്ന വീട്ടില്‍ എത്തി ശ്രീവേഷ് വഴക്കുണ്ടാക്കി. ഇയാളുടെ കൈയില്‍ വടി ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇറങ്ങിവരാന്‍ ശ്രീവേഷ് ആവശ്യപ്പെട്ടെങ്കിലും ആരും പുറത്തിറങ്ങിയില്ല.
പിന്നാലെ, ആരും പുറത്തിറങ്ങിയില്ലെങ്കില്‍ പുറത്തുവെച്ചിരിക്കുന്ന ബൈക്ക് കത്തിക്കുമെന്നായി ശ്രീവേഷിന്റെ ഭീഷണി. എന്നിട്ടും വീട്ടുകാര്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ യുവാവ് രാത്രി പത്തരയോടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീ കൊളുത്തുകയായിരുന്നു. തീ കണ്ട് വീട്ടുകാര്‍ പുറത്തിറങ്ങി തീ കെടുത്താന്‍ നോക്കിയെങ്കിലും ശ്രീവേഷ് ടാങ്കില്‍ നിന്നും വെള്ളം വരുന്ന വാള്‍വ് പൂട്ടിയതിനാല്‍ വെള്ളം എടുക്കാന്‍ കഴിഞ്ഞില്ല.
ഇതോടെ വീട്ടുകാര്‍ മുക്കം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും ബൈക്കും വീടിന്റെ വയറിങ്ങും പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീടിന്റെ മേല്‍ക്കൂരയ്ക്കും കേടുപാടുണ്ടായിട്ടുണ്ട്. ശ്രീജേഷ് ബൈക്കിന് തീവെക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ തന്നെ മുക്കം പോലീസില്‍ വിവരം അറിയിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. സമയത്ത് പോലീസ് എത്തിയിരുന്നെങ്കില്‍ ഇത്രയും നാശനഷ്ടം ഉണ്ടാവില്ലായിരുന്നു എന്നും വീട്ടുകാര്‍ പറയുന്നു