കോഴിക്കോട്: ക്രിസ്മസ് ആഘോഷ മറവിൽ മായം കലർന്ന ഭക്ഷണം വിപണിയിലെത്തിച്ച 20 കട
കൾക്ക് പൂട്ടിട്ട് ഭക്ഷ്യസുരക്ഷ വകുപ്പ്. വീടുകൾ കേന്ദ്രീകരിച്ച് ലെെസൻസില്ലാതെയും കേടുകൂടാതെ സൂക്ഷിക്കാൻ മായം കലർത്തിയും കേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും വിപണിയിലെത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ക്രിസ്മസ് ഡ്രെെവ് നടത്തിയത്.വലിയ ന്യൂനതകൾ കണ്ടെത്തിയ പത്ത് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി. 47 സ്ഥാപനങ്ങളിൽ ചെറിയ ന്യൂനതകൾ കണ്ടെത്തി. 112 ഭക്ഷ്യസാധനങ്ങളാണ് ഇതുവരെ സാമ്പിൾ ശേഖരിച്ച് ഗുണനിലവാര പരിശോധനക്കായി അനലിറ്റിക്കൽ ലാബിലേക്ക് അയച്ചത്. അഞ്ച് സ്പെഷ്യൽ സ്ക്വാഡുകളായി 16 മുതൽ ആരംഭിച്ച പരിശോധന 25 ന് അവസാനിച്ചു. ന്യൂയർ ഡ്രെെവ് ഇന്ന് മുതൽ 31 വരെ നടക്കും.
വിപണിയിൽ കൂടുതൽ ആളുകൾ വാങ്ങാനെത്തുന്ന കേക്ക്, മധുര പലഹാരങ്ങൾ, വൈൻ, ബിയർ മുതലായവയുടെ സാമ്പിളുകളാണ് കൂടുതലും പരിശോധനയ്ക്ക് അയച്ചത്. ഇവയിൽ കൃത്രിമ നിറം ചേർത്തതും ലെെസൻസില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങളും ഉൾപ്പെടും. ഭക്ഷ്യവസ്തുക്കളുടെ നിർമാണം, സംഭരണം , വിതരണം, എന്നിവ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തി. കേക്ക്, വൈൻ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറി യൂണിറ്റ്, ചില്ലറ വിൽപ്പനശാല, മാർക്കറ്റുകൾ, വഴിയോര ഭക്ഷണശാലകൾ, കേറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലെ പരിശോധനയ്ക്കായിരുന്നു ഊന്നൽ. പരിശോധന റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ അറിയിച്ചു.