കോഴിക്കോട് :സെക്സ് റാക്കറ്റിന്റെ കെണിയിൽ കുടുങ്ങിയ പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ സംഭവത്തിലെ പ്രതി പിടിയിൽ. പെൺകുട്ടിയെ കേരളത്തിൽ എത്തിച്ച ആളാണ് പിടിയിലായത്. അസാം സ്വദേശിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കേരളത്തിൽ എത്തിച്ചത്. ഒറീസയിൽ നിന്നാണ് ഇയാൾ പിടിയിലായിട്ടുള്ളത്.അസം സ്വദേശിയായ പതിനേഴുകാരിയാണ് അഭയം തേടി പൊലീസ് സ്റ്റേഷനിലെത്തിയത്. പെൺകുട്ടി പൊലീസിന് നൽകിയ മൊഴി പ്രകാരം പ്രണയം നടിച്ചാണ് യുവാവ് പെൺകുട്ടിയെ ലോഡ്ജിൽ എത്തിച്ചത്. സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയത്തിലായത്. തുടർന്ന് കോഴിക്കോട് ലോഡ്‌ജിൽ എത്തിക്കുകയായിരുന്നു. നേരത്തെ പൊലീസിൽ അഭയം തേയിയെത്തിയ പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.