കോട്ടയം: കോട്ടയം വൈക്കത്ത് ഫാം ഉടമയായ മധ്യവയ്‌സകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മനത്തുകര മുല്ലക്കേരിൽ വിപിൻ നായരെയാണ് (52) മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ കല്ലുകൾ കെട്ടിയ നിലയിൽ കരിയാറിൽ ആണ് വിപിന്റെ മൃതദേഹം കണ്ടെത്തിയത്.വിപിന്റെ ഫാമിനോട് ചേർന്നുള്ള ആറിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്‌ച മുതലാണ് വിപിനെ കാണാതായത്. തിങ്കളാഴ്ച്ച ഫാമിലേക്ക് പോയ വിപിൻ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. വൈക്കം തോട്ടകത്ത് ഫിഷ് ഫാം നടത്തിവരികയായിരുന്നു വിപിൻ. വിപിന് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.