തൃശൂർ: പടിയൂർ ഇരട്ടക്കൊലപാതക കേസിൽ പ്രതി പ്രേംകുമാറുമായി രൂപസാദൃശ്യമുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ആത്മഹത്യ ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രേംകുമാറിന്റെ മൃതദേഹം ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കേദാർനാഥിലെ വിശ്രമകേന്ദ്രത്തിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളാനി കൈതവളപ്പിൽ സ്വദേശി മണി, മകൾ രേഖ എന്നിവരെയാണ് കൊല്ലപ്പെട്ടത്. രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആദ്യ ഭാര്യയെ കൊന്ന കേസിലും പ്രതിയാണ് പ്രേംകുമാർ. ഈ കേസിൽ ജാമ്യത്തിലായിരുന്നു പ്രേംകുമാർ. ഇതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകവും നടത്തിയത്.
കുടുംബ വഴക്കിനെ തുടർന്ന് പ്രേംകുമാർ കൊലപാതകം നടത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിക്കായി അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് പ്രേംകുമാറിന്റെ രൂപസാദൃശ്യമുള്ള മൃതദേഹം കണ്ടെത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചത്. കൂടുതൽ അന്വേഷണത്തിനായി തൃശൂർ പൊലീസ് കേദാർനാഥിലേക്ക് പുറപ്പെട്ടിട്ടുണ്ട്.