കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുനെ അവസാനമായി കാണാൻ ഹൃദയം തകർന്ന് അമ്മ എത്തി. കുവൈറ്റിൽനിന്ന് രാവിലെ 9.08നാണ് അമ്മ സുജ കൊച്ചി വിമാനത്താവളത്തിലിറങ്ങിയത്. ഇളയ മകനും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. പൊലീസ് അകമ്പടിയിൽ കുടുംബം കൊല്ലത്തെ വീട്ടിലേക്ക് പോയി.
മൂന്നുമാസം മുമ്പ് വീട്ടുജോലിക്കായി കുവൈത്തിൽ പോയ സുജ, മകന് ദുരന്തമുണ്ടാകുന്ന സമയത്ത് തുർക്കിയിലായിരുന്നു. ജോലിചെയ്യുന്ന വീട്ടിലുള്ളവരുമൊത്ത് ഒരുമാസം മുമ്പ് പോയതായിരുന്നു. എല്ലാ ദിവസവും വീഡിയോ കോളിലൂടെ മക്കളോട് സുജ സംസാരിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ 9.40നായിരുന്നു എട്ടാം ക്ലാസ് വിദ്യാർഥിയായ മിഥുന്റെ ദാരുണ മരണം. വിവരം സുജയെ അറിയിക്കാൻ കുടുംബാംഗങ്ങൾ ശ്രമം നടത്തിയിട്ടും മണിക്കൂറുകളോളം സാധിച്ചിരുന്നില്ല. ഒടുവിൽ വ്യാഴാഴ്ച രാത്രിയാണ് സുജ ദുഃഖവാർത്ത വിവരമറിഞ്ഞത്. തുടർന്ന്, വെള്ളിയാഴ്ച കുവൈത്തിലേക്ക് തിരിച്ചു.
ശാസ്താംകോട്ട തേവലക്കര കോവൂര്‍ ബോയ്സ് സ്കൂൾ കെട്ടിടത്തോട് ചേർന്ന സൈക്കിള്‍ ഷെഡിന് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ കയറിയപ്പോഴാണ് വലിയപാടം മിഥുന്‍ഭവനില്‍ മനുവിന്റെ മകനുമായ മിഥുൻ (13) വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം ശനിയാഴ്ച രാവിലെ 10ന് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പൊതുദർശനത്തിന്വെക്കും. തുടർന്ന് 12ഓടെ വിളന്തറയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സുജ ഉച്ചക്ക് രണ്ടോടെ വീട്ടിലെത്തും. വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ സംസ്കരിക്കും.