കോഴിക്കോട്:ലഹരിമരുന്ന് വിപണനത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയ ഉത്തരേന്ത്യൻ സ്വദേശിനിയെ എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹരിയാനയിൽ താമസിക്കുകയായിരുന്ന ബിഹാർ സ്വദേശി സീമ സിൻഹയാണ് പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് യുവാവിൽ നിന്ന് 98 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് അറസ്റ്റ്. ലഹരിമരുന്നിന്റെ വിലയായ ഒരു ലക്ഷത്തിലധികം രൂപ സീമ സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ കൈപ്പറ്റിയിരുന്നു.
എംഡിഎംഎയുമായി കോഴിക്കോട് രാമനാട്ടുകര ഫറൂഖ് കോളേജ് സ്വദേശി ഫാസിർ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായതിന് പിന്നാലെയാണ് കേസന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഫാസിറിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽനിന്ന് എംഡിഎംഎ സംഘടിപ്പിച്ചു നൽകിയ കോഴിക്കോട് പന്തീരാങ്കാവ് പുത്തൂർമഠം സ്വദേശി അബ്ദുൽ ഗഫൂറിനെയും അന്വേഷണ സംഘം അറസ്റ്റുചെയ്തിരുന്നു. ഇയാളാണ് ലഹരിമരുന്നിനുള്ള പണം സീമയുടെ അക്കൗണ്ടിലേക്കാണ് അയച്ചതെന്ന് എക്സൈസ് ക്രൈംബ്രാഞ്ചിനോടു വെളിപ്പെടുത്തിയത്.