ഓണം ലക്ഷ്യമിട്ട് കേരളത്തിലേക്ക് കടത്തിയ സ്പിരിറ്റ് കാസര്‍ഗോഡ് പിടികൂടി. കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്ക് കടത്തുകയായിരുന്ന 1,440 ലിറ്റര്‍ സ്പിരിറ്റാണ് പൊലീസ് പിടികൂടിയത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ഓണാഘോഷം ലക്ഷ്യമിട്ട് കര്‍ണാടകയില്‍ നിന്നും കടത്തുകയായിരുന്നു സ്പിരിറ്റ്. മംഗളൂരുവില്‍ നിന്നും പിക്ക് അപ് വാനില്‍ സ്പിരിറ്റ് കൊച്ചിയിലേക്ക് കടത്താനായിരുന്നു ശ്രമം. രഹസ്യ വിവരത്തെ തുടര്‍ന്നാണ് കാസര്‍ഗോഡ് ടൗണ്‍ പൊലീസും ഡാന്‍സാഫ് സംഘവും പരിശോധന നടത്തിയത്. ദേശീയപാതയില്‍ നിന്ന് കാസര്‍കോട് സര്‍വീസ് റോഡിലേക്ക് ഇറങ്ങുമ്പോഴാണ് പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്.
വാനില്‍ ഇവന്റ് മാനേജ്മെന്റ് സാധനങ്ങളെന്ന വ്യാജേനയാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. പുറമേ കാണുന്ന ഭാഗത്ത് കസേരകളും തറയില്‍ വിരിക്കുന്ന മാറ്റും വെച്ച് മറച്ച് അതിനകത്ത് കന്നാസുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പരിശോധനയില്‍ 35 ലിറ്ററിന്റെ 48 കന്നാസുകളില്‍ 1,440 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തി.
പിക്കപ്പ് വാനിലുണ്ടായിരുന്ന നെല്ലിക്കുന്ന് സ്വദേശി പ്രണവ് (24), അടുക്കത്ത് ബയല്‍ താളിപ്പടുപ്പിലെ അനൂഷ് (24), കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി വി സി തോമസ് (25) എന്നിവരെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു. ഇന്‍സ്പെക്ടര്‍ പി നളിനാക്ഷന്റെ നേതൃത്വത്തിലുള്ള സംഘവും ഡാന്‍സാഫ് സംഘവുമാണ് പരിശോധന നടത്തിയത്.