നാദാപുരം: നരിപ്പറ്റ മലയോരത്ത് പെയ്ത കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ ശക്തമായി. കമ്മായി, തരിപ്പതോടുകളിൽ വെള്ളം കുത്തനെ ഉയർന്നു. പുതുക്കയം പുഴമൂലയിൽ പുഴയിലെ പാറയിൽ കുടുങ്ങിയ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഭൂമി വാതുക്കൽ സ്വദേശി യൂസഫ് (39), വളയം സ്വദേശി ഇസ്മായിൽ (39) എന്നിവരാണ് രക്ഷപ്പെട്ടത്. വെള്ളം പൊങ്ങിയ ഉടൻതന്നെ ഒരാൾ കരയിലേക്ക് നീന്തിക്കയറിയെങ്കിലും, രണ്ടാമത്തെയാൾ പുഴക്ക് നടുവിലെ പാറയിൽ കുടുങ്ങുകയായിരുന്നു. രക്ഷപ്പെട്ടയാൾ തൊട്ടടുത്ത ചായക്കടയിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷസേനയും ചേർന്ന് ഇയാളെ കരക്കെത്തിച്ചു.
ചൊവ്വാഴ്ച നാലുമണിക്കൂറോളം മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മലവെള്ളം കുത്തിയൊഴുകിയത്. മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മലവെള്ളപ്പാച്ചിലിൽ നരിപ്പറ്റ മുണ്ടോകണ്ടം പള്ളിയാറ പൊയിൽ കരുണന്റെ വീട്ടിലേക്ക് വെള്ളം ഇരച്ചുകയറി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനൊപ്പം വിലങ്ങാട് പുഴയിൽ ഉരുട്ടി പാലത്തിന് താഴെ വൻ കുത്തൊഴുക്കുണ്ടായി. കഴിഞ്ഞവർഷത്തെ ഉരുൾപൊട്ടലിൽ നരിപ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡിൽ കനത്ത നാശം വിതച്ചിരുന്നു.