കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിനെ കൊലപ്പെടുത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺസുഹൃത്തായ അഥീന എനർജി ഡ്രിങ്കിൽ കളനാശിനി കലക്കി നൽകുകയായിരുന്നു. അഥീനയുടെ വീട്ടിൽനിന്ന് എനർജി ഡ്രിങ്കിന്റെ കാലി കാനുകൾ കണ്ടെടുത്തു. കൃത്യം നടന്ന ദിവസം അൻസിലിനെ വീട്ടിലേക്ക് വരുത്താൻ നിരന്തരം അഥീന ഫോൺ വിളിച്ചിരുന്നു എന്നതിനും പൊലീസിന് തെളിവുകൾ ലഭിച്ചു.
ടിപ്പർ ഡ്രൈവറായ അൻസിലും അഥീനയും തമ്മിൽ ഏറെ നാളായി അടുപ്പമുണ്ടായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് അൻസിൽ. അഥീനയെ സംശയിച്ചു തുടങ്ങിയതോടെ അൻസിൽ ഉപദ്രവമാരംഭിച്ചു. ഇതിനിടെ അഥീന പൊലീസിനെ സമീപിക്കുകയും പരാതിയിൽ കേസാവുകയും ചെയ്തതോടെ പണം വാഗ്ദാനം ചെയ്ത് ഒതുക്കാനും അൻസിൽ ശ്രമിച്ചു. കോടതിയിൽ അഥീന മൊഴിമാറ്റിയതോടെ കേസ് റദ്ദായെങ്കിലും അൻസിൽ പണം നൽകിയില്ല. പലപ്പോഴായി മൂന്നുലക്ഷം രൂപ അഥീനയിൽനിന്നു കൈപ്പറ്റുകയും ചെയ്തു. ഉപദ്രവം വർധിച്ചതോടെ ബന്ധത്തിൽനിന്നു പിന്മാറാൻ അഥീന ശ്രമിച്ചെങ്കിലും അൻസിൽ തയാറായില്ല. ഇതോടെയാണ് അൻസിലിനെ കൊലപ്പെടുത്താൻ അഥീന തീരുമാനമെടുത്തതെന്നാണ് പൊലീസ് പറയുന്നത്.
കളനാശിനി നൽകി അൻസിലിനെ കൊല്ലാനുള്ള കാരണമെന്തെന്ന് ആദ്യഘട്ടത്തിൽ വെളിപ്പെടുത്താൻ അഥീന തയ്യാറായിരുന്നില്ല. മറ്റ് സൗഹൃദങ്ങളെ ചൊല്ലി അൻസിൽ വഴക്കിട്ടുവെന്നും ഇതിന് പിന്നാലെയാണ് കളനാശിനി നൽകി അൻസിലിനെ കൊലപ്പെടുത്തിയത് എന്നുമായിരുന്നു പ്രാഥമിക വിവരം. കൃത്യം നടത്താൻ അഥീനയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന വിവരമടക്കം അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. നിലവിൽ റിമാൻഡിലുള്ള അഥീന കാക്കനാട് വനിതാ ജയിലിലാണുള്ളത്
കോതമംഗലത്തുനിന്നു ഗൂഗിൾ പേ വഴി പണം നൽകിയാണ് കളനാശിനി അഥീന വാങ്ങിയത്. ജൂലൈ 29ന് അഥീന പലതവണ അൻസിലിനെ വിളിച്ചിരുന്നു. ഫോൺ എടുക്കാൻ തയാറാകാതിരുന്ന അൻസിൽ, അഥീനയുടെ നമ്പർ ബ്ലോക് ചെയ്തു. തുടർന്ന് അഥീന ഒരു സുഹൃത്തിനെ വിളിച്ച് കോൺഫറൻസ് കോൾ വഴി അൻസിലിനോട് സംസാരിക്കുകയും വീട്ടിലേക്ക് വിളിക്കുകയും ചെയ്തു. അൻസിൽ മദ്യപിക്കില്ല. എന്നാൽ മറ്റെന്തോ ലഹരി ഉപയോഗിച്ചാണ് അൻസിൽ എത്തിയതെന്നാണ് അഥീന നൽകിയിരിക്കുന്ന മൊഴി. ജൂലൈ 30ന് പുലർച്ചെ നാലിന് വീട്ടിലെത്തിയ അൻസിലിന് അഥീന എനർജി ഡ്രിങ്കിൽ കളനാശിനി കലക്കി നൽകി