പൂനൂർ: പൂനൂരിൽ ഭർതൃവീട്ടിൽ ജീവനൊടുക്കിയ ജിസ്ന എഴുതിയ കത്ത് കണ്ടെത്തി പൊലീസ്. ഭർതൃഗൃഹത്തിൽ നിന്നുമാണ് കത്ത് കണ്ടെത്തിയത്. ജീവിക്കണമെന്ന് ആഗ്രഹമുണ്ട്, എന്നാൽ അതിനുള്ള മനസ്സമാധാനമില്ലെന്ന് കത്തിൽ പറയുന്നു. കേസിൽ ഇന്ന് കൂടുതൽ തെളിവെടുപ്പ് നടത്തും. ഭർത്താവ് ശ്രീജിത്തിനെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസമാണ് പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മൂന്നുവര്‍ഷം മുമ്പായിരുന്നു ജിസ്നയുടെ വിവാഹം. രണ്ട് വയസുള്ള കുട്ടിയുമുണ്ട്. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. മരണം നടന്ന ശേഷം ഇതുവരെ ഭര്‍ത്താവിന്റെ കുടുംബം ബന്ധപ്പെട്ടില്ലെന്നും പരാതിയുണ്ട്.
ഭർത്താവ് ശ്രീജിത്ത് ജിസ്‌നയെ മര്‍ദ്ദിച്ചിരുന്നുവെന്നും മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നുമാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന ശ്രീജിത്തിന് ജിസ്നയുടെ കുടുംബം ഒരു ലക്ഷം രൂപ ബാങ്കിൽ നിന്നും വായ്പയെടുത്ത് നൽകിയിരുന്നു. ഇതിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായെന്നാണ് കുടുംബം പറയുന്നത്