ന്യൂഡൽഹി: കള്ളവോട്ടുകളിലൂടെയാണ് എൻ.ഡി.എ സർക്കാർ മൂന്നാംവട്ടവും അധികാരം അരക്കിട്ടുറപ്പിച്ചതെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമീഷനെ പ്രതിക്കൂട്ടിൽ നിർത്തിയായിരുന്നു രാഹുലിന്റെ ആരോപണങ്ങൾ. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും വോട്ടെടുപ്പിൽ വൻ കൃത്രിമം നടന്നതായും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ആരോപിച്ചു. 'വോട്ട് മോഷണം' എന്ന പേരിലുള്ള പ്രസന്റേഷൻ സഹിതമായിരുന്നു രാഹുലിന്റെ വാർത്താസമ്മേളനം.
പല സംസ്ഥാനങ്ങളിലും വ്യാപക ക്രമക്കേടുകൾ നടന്നു. ഇതിനെല്ലാം തെരഞ്ഞെടുപ്പ് കമീഷൻ കൂട്ടുനിന്നു. ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ വലിയ ഞെട്ടലുണ്ടാക്കി. മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടതാണ്. മഹാരാഷ്ട്രയിൽ അഞ്ചുവർഷം കൊണ്ട് ചേർത്തതിനേക്കാൾ കൂടുതൽ വോട്ടർമാരെയാണ് വെറും അഞ്ചുമാസം കൊണ്ട് ചേർത്തത്. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും ദുരൂഹത ഉണ്ടെന്നും രാഹുൽ വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാരുണ്ടായി. അവിടെ അസാധാരണ പോളിങ് ആണ് നടന്നത്.അഞ്ചുമണിക്കു ശേഷം പോളിങ് കുത്തനെ വർധിച്ചു. വോട്ടർ പട്ടിക പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറായില്ല. സി.സി.ടി.വി ദൃശ്യങ്ങൾ കിട്ടാതിരിക്കാനായി തെരഞ്ഞെടുപ്പ് കമീഷൻ നിയമങ്ങൾ മാറ്റി. അതനുസരിച്ച്, സി.സി.ടി.വി ദൃശ്യങ്ങൾ 45 ദിവസങ്ങൾ കഴിഞ്ഞപ്പോൾ നശിപ്പിച്ചു. അതുപോലെ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടും ഇലക്ട്രോണിക് വോട്ടർ പട്ടിക കണക്കുകൾ കമീഷൻ നൽകാതിരുന്നത് പരിശോധനകൾ ബുദ്ധിമുട്ടുണ്ടാക്കി. തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുകയാണെന്നതിന് ഇതിൽപരം എന്തുതെളിവുകൾ വേണമെന്നും രാഹുൽ ചോദിച്ചു.
വോട്ടർമാരിൽ ചിലരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങൾ മാത്രമാണുള്ളത്. 70ഉം 80 വയസുള്ളവർ വരെ കന്നിവോട്ടർമാരായി. ചിലയിടങ്ങളിൽ വീട്ടുനമ്പർ രേഖപ്പെടുത്തിയത് പൂജ്യം എന്നാണ്. പ്രധാനമായും അഞ്ച് രൂപത്തിലാണ് ഇത്തരത്തിൽ വോട്ടുകൾ മോഷ്ടിച്ചതെന്നും രാഹുൽ വിശദീകരിച്ചു. വ്യാജമായി വോട്ടർമാരെ ഉണ്ടാക്കുകയായിരുന്നു ആദ്യത്തെ രീതി. വ്യാജ മേൽവിലാസത്തിലുള്ള വോട്ടർമാരെയും ഉണ്ടാക്കി. ഒരേ വിലാസത്തിൽ ഒരുപാട് വോട്ടർമാരെ സൃഷ്ടിച്ചു. വ്യാജ ഫോട്ടോകൾ ഉപയോഗിച്ചും ഫോറം ആറ് ദുരുപയോഗം ചെയ്തും വോട്ടർമാരെയുണ്ടാക്കി.
കർണാടകയിലും വൻ ക്രമക്കേടുകൾ നടന്നു. വ്യാജ വിലാസങ്ങളിൽ വ്യാജ വോട്ടർമാരെ പലയിടത്തും തിരുകിക്കയറ്റി. എക്സിറ്റ് പോളിൽ നിന്ന് വ്യത്യസ്തമായ ഫലമായിരുന്നു പലയിടങ്ങളിലുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഹരിയാനയിൽ അങ്ങനെയായിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ പലതും ഒളിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
ഒരു ലോക്സഭ മണ്ഡലത്തിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ ആകെയുള്ള 6.5 ലക്ഷം വോട്ടർമാരിൽ 1.5 ലക്ഷവും വ്യാജൻമാരായിരുന്നു. ഇങ്ങനെ വലിയ തട്ടിപ്പ് നടത്തിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സർക്കാറുണ്ടാക്കിയത്. 2014 മുതൽ രാജ്യത്ത് എന്തൊക്കെയോ സംഭവിക്കുന്നുവെന്ന സംശയമുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ കോൺഗ്രസ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കുന്നില്ല. ഇത് അത്ഭുതപ്പെടുത്തുന്നതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു