കോഴിക്കോട്: പെരിയാറിന്റെ തീരത്ത് നിന്ന് ലോക നീന്തൽ വേദികളിലേക്ക് കുതിച്ചെത്തിയ മലയാളി മുഹമ്മദ് ആസിം വെളിമണ്ണ രാജ്യത്തിന്റെ അഭിമാനമായി മാറുകയാണ്. സിങ്കപ്പൂരിൽ നടന്ന ലോക പാരാ നീന്തൽ ചാമ്പ്യൻഷിപ്പിൽ എസ്-2 വിഭാഗത്തിൽ ഏഴാം സ്ഥാനം നേടിയ ആസിം, ഇന്ത്യയ്ക്ക് വേണ്ടി ഈ വിഭാഗത്തിൽ ഫൈനലിലെത്തിയ ആദ്യ താരമെന്ന റെക്കോർഡും സ്വന്തമാക്കി കഴിഞ്ഞു. പരിമിതികളെ വെല്ലുവിളിച്ച് ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും ബലത്തിൽ ആസിം ഇപ്പോൾ ലക്ഷ്യമിടുന്നത് 2028ൽ ലോസ് ആഞ്ചലസിൽ നടക്കുന്ന പാരാ ഒളിംപിക്സാണ്.
90 ശതമാനവും ഭിന്നശേഷിക്കാരനായ ആസിം, ജീവിതത്തിലെ പ്രതിബന്ധങ്ങളെ അവസരങ്ങളാക്കി മാറ്റിയാണ് ലോക വേദിയിൽ ഇന്ത്യയുടെ പതാക ഉയർത്തിയത്. സെപ്റ്റംബറിൽ സിങ്കപ്പൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ലോകത്തെ മികച്ച താരങ്ങൾക്കൊപ്പം മത്സരിച്ച് ഏഴാം സ്ഥാനം നേടിയതോടെ, 2026ൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിന് യോഗ്യതയും ആസിം ഇതിനോടകം സ്വന്തമാക്കി. നേരത്തെ, മെയ്-ൽ പാരീസിൽ നടന്ന പാരാ നീന്തൽ വേൾഡ് സീരിസിൽ എസ്-2 വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ക്ലാസിഫിക്കേഷൻ നേടിയാണ് ആസിം സിങ്കപ്പൂരിലെ മത്സരത്തിന് അർഹത നേടിയത്.
നിലവിൽ ഏഷ്യൻ റാങ്കിങിൽ എസ്-2 വിഭാഗത്തിൽ രണ്ടാം സ്ഥാനത്താണ് ആസിം ഉള്ളത്. 2026ലെ ഏഷ്യൻ പാരാ ഗെയിംസിനും കോമൺവെൽത്ത് പാരാ ഗെയിംസിനും ഒരുങ്ങുന്ന ആസിം, 2028ലെ പാരാ ഒളിംപിക്സിനാണ് മുഖ്യമായും ലക്ഷ്യമിടുന്നത്. “സൂര്യനെപ്പോലെ പ്രകാശിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഒരു മെഴുകുതിരിയുടെ പ്രകാശമെങ്കിലും നൽകണം,” എന്ന ആസിമിന്റെ വാക്കുകൾ അവന്റെ ജീവിത ദർശനത്തിന്റെ പ്രതിഫലനമാണ്.
നീന്തൽ താരം എന്നതിനപ്പുറം ആസിം ഫൗണ്ടേഷനിലൂടെ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ് അദേഹം. വിവിധ സംഘടനകളുടെ ബ്രാൻഡ് അംബാസഡറായും മോട്ടിവേഷണൽ സ്പീക്കറായും ചിത്രകാരനായും ആസിം തന്റെ കഴിവുകൾ പ്രകടിപ്പിക്കുന്നുണ്ട്. ഒരുപാട് പേർക്ക് പ്രചോദനമായി മാറിയ ആസിമിന്റെ ജീവിതം തന്നെ ഒരു പാഠപുസ്തകമാണ്. പെരിയാറിൽ തുടങ്ങിയ ആ നീന്തൽ യാത്ര, ഇന്ന് ലോകത്തിന്റെ നെറുകയിൽ എത്തിനിൽക്കുകയാണ്.