കൊച്ചി: സ്വർണത്തിന് വീണ്ടും വൻ വില വർധന. ഗ്രാമിന് 125 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,070 രൂപയായി ഉയർന്നു. പവന്റെ വിലയിൽ 1000 രൂപയുടെ വർധനയുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ വില 88,560 രൂപയായാണ് ഉയർന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 9100 രൂപയായും 14കാരറ്റിന്റേത് 7100 രൂപയായും ഉയർന്നു.ആഗോള വിപണിയിലും സ്വർണം ചരിത്ര മുന്നേറ്റം തുടരുകയാണ്. റെക്കോഡ് നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.
ആഗോളവിപണിയിൽ ഇതാദ്യമായി സ്വർണവില ഔൺസിന് 3,900 ഡോളർ പിന്നിട്ടു. 3,922 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.9 ശതമാനത്തിന്റെ വർധവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കുകൾ ഒരു ശതമാനം ഉയർന്ന് 3,947 ഡോളറിലേക്ക് എത്തി.
യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കാനുള്ള സാധ്യതയും യു.എസിൽ തുടരുന്ന അടച്ചിടലും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിതനിക്ഷേപമെന്ന നിലയിൽ എല്ലാവരും ഇപ്പോൾ സ്വർണത്തെയാണ് പരിഗണിക്കുന്നത്.കഴിഞ്ഞ 25 വർഷത്തിനിടെ സ്വർണവില 2726 ശതമാനമാണ് വർധിച്ചത്. 2000 മാർച്ച് 31ന് ഒരു പവൻ സ്വർണത്തിന് 3,212 ആയിരുന്നു വില.