കുന്നംകുളം: ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സ്വവര്‍ഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പൊലിസ്. പ്രതി ചൊവ്വന്നൂര്‍ സ്വദേശി സണ്ണി(63) സ്വവര്‍ഗാനുരാഗിയാണെന്നും ഇയാള്‍ സ്ഥിരമായി സ്വവര്‍ഗരതിക്കായി പലരേയും വീട്ടില്‍ കൊണ്ടുവരാറുണ്ടെന്നും പൊലിസ് പറഞ്ഞു.
ചൊവ്വന്നൂര്‍ ബസ് സ്റ്റോപ്പിന് സമീപമുള്ള സെന്‍മേരിസ് വടക കോട്ടേഴ്‌സിലാണ് 30 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് അഞ്ചരയോടെയാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന സണ്ണിയുടെ മുറിയിലാണ് മൃതദേഹം കണ്ടത്.
മുറിയില്‍ നിന്നും പുക വരുന്നത് കണ്ട ആളുകള്‍ പുറത്തുനിന്ന് പൂട്ടിയ മുറി തുറന്ന് നോക്കിയപ്പോഴാണ് പാതി കത്തിയ നിലയില്‍ കമിഴ്ന്നു കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടത്. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല.
വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാകാം എന്ന നിഗമനത്തിലാണ് പൊലിസ്. പ്രതിയെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാത്രി 7.30 ഓടെയാണ് പൊലിസ് പിടികൂടിയത്.
നേരത്തെ രണ്ടു കൊലപാതക കേസുകളിലെ പ്രതിയാണ് പിടിയിലായ സണ്ണി. കഴിഞ്ഞദിവസം രാത്രി ഏഴോടെ സണ്ണി ഒരാളുമായി കോര്‍ട്ടേഴ്‌സില്‍ എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുന്നംകുളം എസ്.എച്ച്.ഒ ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
ഡോഗ് സ്‌കോഡ് ഫോറന്‍സിക്ക് വിഭാഗം തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റും.