കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.
ശനിയാഴ്ച്ചയാണ് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ഒമ്പതായി. കുട്ടികളുടെ എണ്ണം രണ്ടായി.
നെഗ്ലേറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുവാണ് രോഗം വരുത്തുന്നത്. വേനല്‍ക്കാലത്ത് ചൂടായി കെട്ടിക്കിടക്കുന്ന വെള്ളം അമീബയ്ക്ക് വളരാന്‍ അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്. നിശ്ചലമായ വെള്ളത്തിന്റെ അടിയിലുള്ള ചെളിയിലും ചേറിലുമാണ് ഇവ സാധാരണയായി തങ്ങുന്നത്. ഇത്തരം വെള്ളം കലങ്ങിമറിയുമ്പോള്‍, അമീബകള്‍ ചെളിയോടൊപ്പം മുകളിലേക്ക് വരാന്‍ സാധ്യതയുണ്ട്.
ഈ വെള്ളത്തില്‍ നീന്തിക്കുളിക്കുമ്പോഴാണ് ഇവ തലച്ചോറിലേക്ക് എത്തുന്നത്. മൂക്കിലെ സൂക്ഷ്മമായ അസ്ഥിവിടവുകളിലൂടെ നേരിട്ട് തലച്ചോറിലെത്തുകയും ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. അമീബയുള്ള വെള്ളം ജലാശയങ്ങളുമായി കലര്‍ന്നതാണ് രോഗം വരാന്‍ കാരണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കരുതുന്നത്. ഇതിനെ പൂര്‍ണമായി അംഗീകരിക്കുന്നുമില്ല. ഉറവിടത്തെ കുറിച്ച് വ്യക്തമായി മനസിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്നാണ് അധികൃതര്‍ പറയുന്നത്. അപ്പോഴും രോഗത്തെ എങ്ങനെ തടുത്തുനിര്‍ത്തുമെന്നാണ് ഉയരുന്ന ആശങ്ക.