വടകര: സൈബർ കുറ്റകൃത്യങ്ങളിൽ ദക്ഷിണേന്ത്യയിൽ കോഴിക്കോട് ജില്ല ഏഴാം സ്ഥാനത്ത്. ജില്ലയെ സൈബർ ഹോട്സ്പോട്ടായി ഇന്ത്യൻ സൈബർ ക്രൈം കോഓഡിനേഷൻ സെന്റർ പ്രഖ്യാപിച്ചു. ഇന്ത്യയിലെ 24 സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് റൂറൽ ജില്ല പൊലീസ് മേധാവി കെ.ഇ. ബൈജു പറഞ്ഞു.
സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് 4083 പരാതികളാണ് റൂറൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത്. 13,71,80,235 രൂപയാണ് ജില്ലയിൽനിന്ന് സൈബർ തട്ടിപ്പ് സംഘങ്ങൾ തട്ടിയെടുത്തത്. സൈബർ തട്ടിപ്പിന് ഇരയായവരുടെ നഷ്ടപ്പെട്ട പണത്തിൽ 42,26,429 രൂപ ഇതുവരെ പൊലീസ് കണ്ടെത്തി നൽകിയിട്ടുണ്ട്. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായി ബാങ്ക് അക്കൗണ്ടുകളും എ.ടി.എം കാർഡുകളും കൈമാറുന്നവർക്കെതിരെയും ഇടനിലക്കാർക്കെതിരെയും കർശന നടപടി സ്വീകരിക്കും.
സൈബർ കുറ്റകൃത്യങ്ങൾക്ക് ഊരുകളിലെ ജനതയെ അടക്കം തട്ടിപ്പുകാർ ഉപയോഗപ്പെടുത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പല കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് മേധാവി പറഞ്ഞു. ഓപറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ 14 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ നിരവധി പേർ പൊലീസിന്റെ നിരീക്ഷണത്തിലുമാണ്. സൈബർ കേസിൽ ഈ വർഷം ഇതുവരെ 80 പേരെയാണ് വിവിധ പോലീസ് സ്റ്റേഷനുകളിൽ അറസ്റ്റ് ചെയ്തത്.
പരാതിക്കാരില്ലാത്ത കേസുകളിലും ഇതര സംസ്ഥാന കേസുകളിലും ഓർഗനൈസ്‌ഡ് ക്രൈമിന്റെ വകുപ്പുകൾ പ്രകാരമാണ് പൊലീസ് സ്വമേധയാ കേസെടുക്കുന്നത്. വ്യാഴാഴ്ച അറസ്റ്റിലായ 14 പേരെയും ഇത്തരം വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. എ.ടി.എം, സി.ഡി.എം വഴി തട്ടിപ്പുസംഘങ്ങൾക്ക് പണം കൈമാറിയവർക്കെതിരെ താമരശ്ശേരി, കോടഞ്ചേരി, കാക്കൂർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നാല് കേസുകൾ ജില്ല ക്രൈംബ്രഞ്ചിന് കൈമാറിയിട്ടുണ്ട്.