പേരാമ്പ്ര: പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചെറുവണ്ണൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. വൈറ്റ് ഗാര്‍ഡ് മണ്ഡലം ഭാരവാഹി കൂടിയായ മുഹമ്മദ് മുയിപ്പോത്തും സുബൈര്‍ തണ്ടോറപ്പാറയുമാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്നാണ് മുഹമ്മദ് മുയിപ്പോത്തിനെ കസ്റ്റഡിയിലെടുത്തത്.
പേരാമ്പ്രയില്‍ പൊലീസും യു.ഡി.എഫ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതി ചേര്‍ത്ത് റിമാന്‍ഡിലായിരുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചിരുന്നു. യു.ഡി.എഫ് പ്രവര്‍ത്തകരായ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വിനോദന്‍ കല്ലൂര്‍, ഭാരതീയ ദളിത് കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി മണി കൂത്താളി, നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി നസീര്‍ വെള്ളിയൂര്‍, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ റഷീദ് വാല്യക്കോട്, മുസ്തഫ കുട്ടോത്ത്, മിഥുന്‍ലാജ് കുട്ടോത്ത്, മുസ്തഫ വാല്യക്കോട്, സജീര്‍ പന്നിമുക്ക് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
കേസില്‍ അറസ്റ്റഇലായ ഇവര്‍ 20 ദിവസമായി ജയിലിലായിരുന്നു. കേസില്‍ പ്രതിയായ മറ്റു പതിനൊന്ന് പേര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. അതേസമയം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഷാഫി പറമ്പില്‍ എം.പിയും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാറും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടില്ല