പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ യുഡിഎഫ് പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ന് പുലർച്ചെ രണ്ട് യുഡിഎഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസിനെ അക്രമിച്ചതിലും സ്‌ഫോടക വസ്തു എറിഞ്ഞതടക്കമുള്ള കേസിലാണ് അറസ്റ്റ്. ഇവരെ സന്ദർശിക്കാൻ യുഡിഎഫ് പ്രവർത്തകർ എത്തിയതോടെയാണ് സംഘർഷമുണ്ടായത്.
ചെറുവണ്ണൂരിലെ യൂത്ത് ലീഗ് പ്രസിഡണ്ട് കെ.കെ മുഹമ്മദ് കിണറ്റുംകര, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുബൈര്‍ തണ്ടോറപ്പാറ എന്നിവരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ കാണണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ സ്റ്റേഷനുളളിലേക്ക് കടക്കാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബലംപ്രയോഗിച്ച് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചു.
ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയും സിപിഒമാരായ ജോജോ, വിനോദ് എന്നിവര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ജില്ലാപഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.പി ദുൽഖീഫിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പോലീസുകാരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.