ശ്രീകാകുളം: ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ഏകാദശി ഉത്സവത്തിനിടെയുണ്ടായ തിക്കിലുംതിരക്കിലും പത്ത് പേർക്ക് ദാരുണാന്ത്യം. കാശിബുഗ്ഗയിലെ വെങ്കടേശ്വര ക്ഷേത്രത്തിലാണ് സംഭവം. മരണസംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കാർത്തിക മാസത്തിലെ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ മുതൽ വലിയ തിരക്കുണ്ടായിരുന്നു. നൂറുകണക്കിന് ആളുകൾ കൂടിയതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൂജാവസ്തുക്കളുമായെത്തിയ സ്ത്രീകളാണ് കൂടുതലുള്ളത്. നിരവധിപ്പേർ വീണുകിടക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഞെട്ടൽ രേഖപ്പെടുത്തി.
“ശ്രീകാകുളത്തെ കാശിബുഗ്ഗയിലെ വെങ്കടേശ്വര ക്ഷേത്രത്തിലുണ്ടായ ദുരന്തം ഞെട്ടിക്കുന്നതാണ്. തിക്കിലും തിരക്കിലും ആളുകൾക്ക് ജീവൻ നഷ്ടമാകുന്നത് അതീവ ദുഃഖകരമായ കാര്യമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർക്ക് വേഗത്തിൽ കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്ത ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും നേരിട്ടെത്തി ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്” -ചന്ദ്രബാബു നായിഡു എക്സിൽ കുറിച്ചു.