കോഴിക്കോട്: നിർഭയ എൻട്രി ഹോമിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചേളന്നൂർ സ്വദേശി സഞ്ജയ് നിവാസിൽ സഞ്ജയ് (33) ആണ് ടൗൺ പോലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി. വെള്ളിമാട്കുന്ന് നിർഭയ എൻട്രി ഹോമിലെ 17 കാരിയായ വിദ്യാർത്ഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോയി കോഴിക്കോട് അപ്സര തിയേറ്ററിന് സമീപത്തുള്ള ലോഡ്‌ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിർഭയ എൻട്രി ഹോമിൽ നിന്ന് സ്കൂളിലേക്ക് പോകുന്നതിനിടെ പെൺകുട്ടിയെ കാണാതായത്. അന്ന് രാത്രി തന്നെ ചേവായൂർ പോലീസ് ബീച്ചിൽ വെച്ച് പെൺകുട്ടിയെ കണ്ടെത്തി. തുടർന്ന് ചേവായൂർ പോലീസ് പെൺകുട്ടിയെ സി. ഡബ്ല്യു.സി മുമ്പാകെ ഹാജരാക്കി മൊഴിയെടുത്തതിൽ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം പറയുകയുമായിരുന്നു. തുടർന്ന് ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പെൺകുട്ടി പീഡനത്തിന് ഇരയായത് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് ടൗൺ പൊലീസിന് കൈമാറുകയായിരുന്നു.
ടൗൺ പോലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതിയെപ്പറ്റി മനസ്സിലാക്കുകയും ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ സജീഷിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ മാരായ അജേഷ്, വിജീഷ്, സി.പി.ഒ.മാരായ അബ്‌ദുൾ ജലീൽ, പ്രസാദ് എന്നിവരടങ്ങുന്ന അന്വേഷണസംഘം കോഴിക്കോട് വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്എം സ്ട്രീറ്റിൽ ടാറ്റൂ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതിന് നടക്കാവ് പോലീസ് സ്റ്റേഷനിൽ ഒരു കേസ് നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.