താമരശ്ശേരി :ഫ്രഷ്കട്ട് സമരം അക്രമാസക്തമാക്കുന്നതിന് പിന്നിൽ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്ന് ആരോപണം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. ബിജു കണ്ണന്തറയാണ് പരാതി നൽകിയത്. സമാധാനപരമായി നടന്ന സമരം സംഘർഷത്തിലേക്ക് നയിക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിന്റെ പിറകിൽ ഡിഐജി യതീഷ് ചന്ദ്രയാണെന്നും കത്തിൽ പറയുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സമരക്കാർക്കിടയിലേക്ക് പ്ലാന്റിലേക്ക് കോഴി മാലിന്യവുമായി വന്ന വാഹനം ബലമായി കടത്തിവിടാൻ പൊലീസ് ശ്രമിച്ചതാണ് അക്രമ സംഭവങ്ങൾക്ക് കാരണമായത്. മാത്രമല്ല, സമരക്കാർക്കിടയിലേക്ക് ഗ്രനേഡ് എറിഞ്ഞ് സംഘർഷം ഉണ്ടാക്കാനും പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായി. പൊലീസ് ടിയർ ഗ്യാസും ഗ്രനേഡും എറിഞ്ഞതോടെ സമരക്കാർ ചിതറി ഓടിയ വേളയിലാണ് പൊലീസ് കാവലിൽ ഉണ്ടായിരുന്ന പ്ലാന്റിന് സമീപം തീവെയ്പ്പ് നടന്നത്. ഇതിൽ കമ്പനി ഉടമകളും പൊലീസും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. ഡിഐജിയും കമ്പനിയുമായി ബന്ധപ്പെട്ടവരും തമ്മിൽ നടത്തിയിട്ടുള്ള ഫോൺ സംഭാഷണങ്ങളെക്കുറിച്ചും കൂടിക്കാഴ്ചകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണം എന്നാണ് ഡിജിപിക്കും മുഖ്യമന്ത്രിക്കും നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.