കൊടുവള്ളി: കൊടുവള്ളിയിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. നടന്നത് വൻ ക്രമക്കേട് എന്ന് റിപ്പോർട്ടാണ് പുറത്തുവരുന്നത്. നഗരസഭ അസിസ്റ്റന്റ് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചു. വോട്ട് വ്യാപകമായി മാറ്റിയതിന്റെ നോട്ടീസോ രേഖകളോ ഓഫിസിൽ ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. നിയമപരമായല്ല വോട്ടുകൾ മാറ്റിയതെന്നും ഒരു നടപടിക്രമവും പാലിച്ചില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഫോം 5,13,14 എന്നിവ നൽകിയ രേഖകളും വോട്ടർമാരെ മാറ്റിയതിന്റെ നോട്ടിസും നൽകിയ രേഖകൾ ഇല്ല. എഇആര്‍ഒ (assistant election returning officer)ആണ് റിപ്പോർട്ട് നൽകിയത്. നടന്നത് വൻ ക്രമക്കേട് എന്ന് വ്യകതമാക്കുന്നത് ആണ് റിപ്പോർട്ട്. എഇആർഒയുടെ റിപ്പോർട്ട് ശരിവെച്ച് എൽഎസ്ഡിജി ഡെപ്യൂട്ടി ഡയറക്ടർ രംഗത്തെത്തി. ഡെപ്യൂട്ടി ഡയറക്ടറും ഓഫീസിൽ നേരിട്ട് എത്തി പരിശോധന നടത്തിയിട്ടുണ്ട്. ക്രമക്കേട് ശരി വെക്കുന്നതാണ് റിപ്പോർട്ട്.
തദ്ദേശ വോട്ടർപട്ടികയിൽ ക്രമക്കേട് ആരോപണത്തിന് പിറകെ കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റണം എന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. നഗരസഭ സെക്രട്ടറി ജി എസ് മനോജിനെ മാറ്റാൻ തദ്ദേശ വകുപ്പ് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. വോട്ടർ പട്ടിക ക്രമക്കേടിന് സെക്രട്ടറി കൂട്ട് നിന്നെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. കളക്ടർക്ക് പരാതിയും നൽകിയിരുന്നു. പരാതിയിൽ ഉടൻ നടപടി എടുക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചിട്ടും സെക്രട്ടറി ഓഫിസിൽ എത്തിയിരുന്നില്ല. ഇതേ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപാണ് കമ്മീഷൻ നടപടി എടുക്കാൻ നിർദേശം നൽകിയത്. ഇങ്ങനെ നടപടി ആവശ്യപ്പെടുന്നത് അപൂർവം ആണ്.