കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പൈവളിക ജാമിഅ അന്‍സാരിയ്യ പയ്യക്കി ഉസ്താദ് ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പലും പൊസോട്ട് മമ്പഉല്‍ ഉലൂം ദര്‍സ് മുദരിസുമായ ചെങ്കള നാലാംമൈല്‍ മിദാദ് നഗര്‍ പാണര്‍കുളം മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി (74) അന്തരിച്ചു. തലച്ചോറില്‍ പക്ഷാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 8.40 ന് ചൊങ്കള ഇ.കെ നായനാര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രണ്ടു ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കര്‍ണാടക പുത്തൂര്‍ പാണാജെ കൊറുങ്കിലയിലെ ബാവ മുസ് ലിയാരുടെയും സൈനബയുടെയും മകനായി 1951 ഒക്ടോബര്‍ 17നായിരുന്നു ജനനം. പൈവളിക ദര്‍സ്, പുത്തൂര്‍ ജുമാമസ്ജിദ്, ഉറുമി, ആലംപാടി ദര്‍സ്, മേല്‍പറമ്പ് ദര്‍സ് എന്നിവിടങ്ങളിലെ പഠനങ്ങള്‍ക്കു ശേഷം 1976ല്‍
പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി. പയ്യക്കി ഉസ്താദ് ഒന്നാമന്‍ അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, ആലംപാടി കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, മേല്‍പറമ്പ് ഖത്തീബായിരുന്ന അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, മുഗു യൂസഫ് ഹാജി, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത്ത് എന്നിവരാണ് പ്രധാന ഗുരുനാഥന്‍മാര്‍. 2019 മാര്‍ച്ച് ആറിനാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായത്.
ബാലപുനി പാത്തൂര്‍, വിട്ട്ള ഉക്കുഡ, തൊട്ടി, ഉപ്പിനങ്ങാടി, കുമ്പോല്‍, ബല്ലാ കടപ്പുറം, ആറങ്ങാടി, കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന്, പള്ളിക്കര പൂച്ചക്കാട് എന്നിവിടങ്ങളിലെ ജുമാമസ്ജിദുകളില്‍ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 17 വര്‍ഷക്കാലം തൊട്ടി ജുമാമസ്ജിദില്‍ സേവനം ചെയ്തതിനെ തുടര്‍ന്നാണ് അദ്ദേഹം മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി എന്ന പേരില്‍ അറിയപ്പെട്ടത്. പൊസോട്ട് ദര്‍സില്‍ അവസാനകാലം വരെ മുദരിസായി സേവനമനുഷ്ഠിച്ചു.
ഭാര്യ: മറിയം. മക്കള്‍: മുഹമ്മദ് നഫീഹ് ദാരിമി (മുദരിസ്, സുള്ള്യ ബെള്ളാരെ), ഫാത്തിമ സലീഖ്, ബാബ ഉനൈസ്, സുനൈബ, ഹവ്വ ഉമൈന, അഹമ്മദ് ബിഷ്ര് (ഷാര്‍ജ). മരുമക്കള്‍: അഹമ്മദ് ദാരിമി (ഖത്തീബ്, ബെദിരെ ജുമാമസ്ജിദ്), അബ്ദുല്‍നാസിര്‍ യമാനി (ഖത്തീബ്, എതിര്‍ത്തോട് ജുമാമസ്ജിദ്), മുഹമ്മദ് മുഷ്താഖ് ദാരിമി (മുദരിസ്, പടന്നക്കാട് ദര്‍സ്). സഹോദരങ്ങള്‍: ഷാഹുല്‍ഹമീദ് ദാരിമി, പരേതരായ മൂസ മുസ്‌ലിയാര്‍, മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍. ഖബറടക്കം ഇന്ന് അസര്‍ നിസ്‌കാരാനന്തരം മേല്‍പ്പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.