മുംബൈ: സഊദി ഫാമിലി വിസിറ്റിങ് വിസ നിയമത്തിലും സുപ്രധാന മാറ്റങ്ങൾ നിലവിൽ വന്നു. പ്രവേശന സമയപരിധി കുറച്ചതിനു പുറമെ വിസ ആപ്ലിക്കേഷൻ പ്രോസസ് ചെയ്യാനുള്ള സമയവും കുറച്ചിട്ടുണ്ട്. ഇവ നിലവിൽ പ്രാബല്യത്തിൽ വന്നുവെന്നും നിരവധി പ്രവാസികൾ നിയമങ്ങൾ അറിയാതെ ബുദ്ധിമുട്ട് അനുഭവിച്ചതായും ട്രാവൽസ് മേഖലയിൽ ഉള്ളവർ അറിയിച്ചു.
അടുത്തിടെ ഉംറ വിസ പ്രവേശന കാലാവധി കുറച്ചതിനു സമാനമായാണ് ഫാമിലി സന്ദർശക വിസയിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഫാമിലി വിസിറ്റ് വിസ നാട്ടിൽ നിന്ന് സ്റ്റാമ്പ് ചെയ്ത് ഒരു മാസത്തിനുള്ളിൽ തന്നെ സഊദിയിൽ പ്രവേശിച്ചിരിക്കണം എന്നതാണ് ഇതിൽ ശ്രദ്ധേയമായ മാറ്റം. നേരത്തെ ഇതിന് മൂന്ന് മാസം വരെ സമയം ഉണ്ടായിരുന്നു. ഇതാണ് ഇപ്പോൾ ഒരു മാസമായി കുറച്ചത്.
വിശദമായി അറിയാം
. സ്റ്റാംമ്പ് ചെയ്ത് ഒരു മാസത്തിനുള്ളിൽ തന്നെ സഊദിയിൽ പ്രവേശിച്ചിരിക്കണം
ഫാമിലി വിസിറ്റ് വിസ നാട്ടിൽ നിന്ന് സ്റ്റാമ്പ് ചെയ്ത് ഒരു മാസത്തിനുള്ളിൽ തന്നെ സഊദിയിൽ പ്രവേശിച്ചിരിക്കണം. നേരത്തെ ഇതിന് മൂന്ന് മാസം വരെ സമയം ഉണ്ടായിരുന്നു. ഇതാണ് ഇപ്പോൾ ഒരു മാസമായി കുറച്ചത്. എന്നാൽ, സഊദിയിൽ ഇറങ്ങിയാൽ വിസയിൽ ഉള്ളത് പോലെ 90 ദിവസം വരെ നിൽക്കാൻ സാധിക്കും. ശേഷം ഓൺലൈൻ വഴി ഇൻഷുറൻസ്, ഗവണ്മെന്റ് ഫീസ് എന്നിവ അടച്ചു വീണ്ടും 90 ദിവസം എന്ന തോതിൽ പല ഘട്ടങ്ങളായി പുതുക്കാൻ സാധിക്കുമെന്നത് കുടുംബങ്ങൾക്ക് ആശ്വാസമാണ്.
ഉംറ വിസയും സമാനമായ നിലയിലാണ് 90 ദിവസത്തിൽ നിന്ന് 30 ദിവസമാക്കി കുറച്ചത്. 30 ദിവസത്തിനുള്ളിൽ സഊദിയിൽ ഇറങ്ങിയില്ലെങ്കിൽ വിസ സ്വമേധയാ ക്യാൻസൽ ആയിപ്പോകും. ഉംറ വിസയും സഊദിയിൽ ഇറങ്ങിയാൽ 90 ദിവസം വരെ നിൽക്കാൻ സാധിക്കും എങ്കിലും പുതുക്കാൻ കഴിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
. മോഫയിൽ അപ്രൂവ് ആയി ഒരു മാസത്തിനുള്ളിൽ സ്റ്റാമ്പിങ് പൂർത്തിയാക്കണം
സഊദിയിൽ നിന്ന് മോഫയിൽ വിസ ആപ്ലിക്കേഷൻ നൽകുമ്പോൾ ഒരു മാസത്തെ സമയമാണ് ലഭിക്കുക. ഇതിനുള്ളിൽ ചേമ്പർ ചെയ്‌ത് നടപടികൾ പൂർത്തിയാക്കണം. ശേഷം സഊദിയിൽ നിന്ന് ഫാമിലി വിസിറ്റ് വിസ അപ്രൂവ് ആയി ഒരു മാസത്തിനുള്ളിൽ തന്നെ നാട്ടിലെ വി എഫ് എസ് കേന്ദ്രത്തിൽ വിസ സ്റ്റാമ്പ് ചെയ്യാൻ സമർപ്പിക്കേണ്ടതുമുണ്ട്. നേരത്തെ ഒരു വർഷം വരെ സമയം ഉണ്ടായിരുന്നു.
ഇത് കൂടാതെ, വി എഫ് എസിൽ വിസ സമർപ്പിക്കുമ്പോൾ വിസക്ക് ചുരുങ്ങിയത് 10 ദിവസമെങ്കിലും വാലിഡിറ്റി ഉണ്ടെന്ന് ഉറപ്പിക്കുന്നതും നല്ലതാണ്. വിസ സ്റ്റാമ്പിംഗ് നടപടിക്രമങ്ങൾക്ക് സാധാരണ ഗതിയിൽ അത്രയും ദിവസം ആവശ്യമായി വന്നേക്കുമെന്നതിനാൽ വിസ സ്റ്റാമ്പിങ് റിജക്ട‌് ആവാതിരിക്കാൻ ഇത് നല്ലതാണെന്നും ട്രാവൽസ് മേഖലയിൽ ഉള്ളവർ പറയുന്നു.
നിലവിൽ ഉംറ, ഫാമിലി വിസിറ്റിംഗ് വിസകൾക്ക് പുറമെ ബിസിനസ്, ടൂറിസം വിസകൾക്കും വിസ സ്റ്റാമ്പ് ചെയ്‌താൽ 30 ദിവസത്തിനുള്ളിൽ സഊദിയിൽ ഇറങ്ങണം എന്ന നിബന്ധനയുണ്ട്. സഊദിയിൽ പ്രവേശിച്ചാൽ വിസയിൽ കാലാവധി ഉള്ളത് പ്രകാരം 90 ദിവസം വരെ നിൽക്കാനാകും. ഫാമിലി വിസിറ്റിംഗ് വിസകൾ വീണ്ടും പുതുക്കാം. എന്നാൽ, ഉംറ വിസകൾ പുതുക്കാൻ സാധിക്കില്ല എന്നത് ശ്രദ്ധിക്കണ്ടതാണ്.