പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ നിലവിൽ വന്നു. നാല് ലക്ഷത്തിലധികം പേർക്ക് പരിരക്ഷ ലഭിക്കും. പദ്ധതിയുടെ ഔദ്യോഗിക ഇൻഷുറൻസ് സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ന്യൂ ഇന്ത്യ അഷ്വറൻസ് ഡി.ജി.എം ജോയ്സ് സതീഷ് നോർക്ക റൂട്സ് സി.ഇ.ഒ അജിത് കൊളശ്ശേരിക്ക് കൈമാറി.
നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ സംബന്ധിച്ചു. നോർക്ക കെയർ പദ്ധതിയിൽ ചേരാനുള്ള സമയപരിധി 30 വരെ നീട്ടി. സാധുവായ നോർക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എൻ.ആർ.കെ ഐ.ഡി കാർഡുളള പ്രവാസി കേരളീയർക്ക് പദ്ധതിയിൽ ചേരാം.
ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുളള രണ്ടു കുട്ടികൾ) 13,411 പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി (25 വയസ്സിൽ താഴെ): 4,130) അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സനൽ അപകട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നു. വ്യക്തിഗത ഇൻഷുറൻസിന് (18-70 വയസ്സ്) 8,101 രൂപയാണ്. കേരളത്തിലെ 500ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികൾ വഴി ക്യാഷ്ലെസ് ചികിത്സ ലഭ്യമാവും.