തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആദ്യ ഘട്ട പട്ടികയാണ് ഇന്ന് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ പ്രഖ്യാപിച്ചത്. 48 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളിലെ ബാക്കി പട്ടിക പ്രസിദ്ധീകരിക്കുമെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. ഘടക കക്ഷികളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കവടിയാറില്‍ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍ തന്നെ മത്സരിക്കും. ശബരീനാഥനെ കോര്‍പ്പറേഷനില്‍ പരിഗണിക്കുന്നുവെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കോണ്‍ഗ്രസ് സീനിയര്‍ അംഗം ജോണ്‍സണ്‍ ജോസഫ് ഉള്ളൂരിലും കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മുട്ടട വാര്‍ഡിലും മത്സരിക്കും. നിലവിലെ കൗണ്‍സിലറായ ത്രേസ്യാമ്മ ജോസഫ് നാലാഞ്ചിറയിലും മത്സരിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയന്‍ വഴുതക്കാട് വാര്‍ഡില്‍ മത്സരിക്കും. ലൈംഗികാരോപണ വിധേയനായ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ മുന്‍പ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ആളാണ് നീതു.
അതേസമയം 100 സീറ്റുകളില്‍ 16 സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് കഴിഞ്ഞതവണ മാറ്റിവച്ചിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ കെ മുരളീധരന്‍ പറഞ്ഞു. ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ വന്നിടത്ത് കോര്‍ കമ്മിറ്റിയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളെയാണ് ഇത്തവണ കൂടുതലായി ഉള്‍പ്പെടുത്തിയത്. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി