കോഴിക്കോട്: യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിലായി. കോഴിക്കോട് പുതിയങ്ങാടി സ്വദേശി പള്ളിക്കണ്ടി വീട്ടില്‍ ഹര്‍ഷാദ് (പൂത്തിരി ഹര്‍ഷാദ്-30) ആണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നസീറിനെയാണ് മലാപ്പറമ്പ് വച്ച് ഹര്‍ഷാദും സംഘവും ആക്രമിച്ച് പണം കവര്‍ന്നത്. മലാപ്പറമ്പിലെ ഇഖ്‌റ ഹോസ്പിറ്റലിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വച്ചായിരുന്നു ആക്രമണം. നസീറിന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞു തകര്‍ത്ത സംഘം 2.5 ലക്ഷം രൂപ അടങ്ങിയ ബാഗ് ബലമായി തട്ടിയെടുത്ത് കൊണ്ടുപോയി എന്നായിരുന്നു കേസ്.
ദുബൈയില്‍ ജോലി ചെയ്യുന്ന മുനീര്‍ മുസ്തഫ എന്നയാള്‍ ക്രിപ്‌റ്റോ കറന്‍സിക്കായി പേരാമ്പ്ര സ്വദേശിയായ അന്‍സിഫിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പകരം പണം തരണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പണവുമായി എത്തിയതായിരുന്നു മുനീര്‍ മുസ്തഫയുടെ സുഹൃത്തായ മുഹമ്മദ് നസീര്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളിലേക്കെത്തുകയായിരുന്നു. വെള്ളയില്‍ ഭാഗത്തുവെച്ചാണ് ഹര്‍ഷാദ് പിടിയിലായത്. ഇയാള്‍ക്കെതിരേ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.