കോഴിക്കോട്: പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ വീഡിയോ കോളുകൾ വഴി പകർത്തി സമൂഹമാധ്യമങ്ങളിലെ പെയ്ഡ് ഗ്രൂപ്പുകൾ വഴി വിൽപനക്ക് വെച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ക്ലമന്റിനെയാണ് സൈബർ ക്രൈം പൊലിസ് ഇൻസ്പെക്ടർ സി.ആർ. രാജേഷ് കുമാറും സംഘവും പിടികൂടിയത്.
വിശ്വാസം നേടിയ ശേഷം വീഡിയോ കോളുകൾക്കിടെ രഹസ്യമായി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് പണം സമ്പാദിക്കുന്നതായിരുന്നു ഇയാളുടെ രീതി. ഈ സംഘത്തിന്റെ പ്രധാനിയാണ് ക്ലമന്റ് എന്ന് പൊലിസ് വെളിപ്പെടുത്തി. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിയുടെ തന്ത്രം ഇങ്ങനെ
പരാതി നൽകിയ യുവതിയുമായി സൗഹൃദം സ്ഥാപിച്ച്, പിന്നീട് അത് പ്രണയബന്ധമായി വളർത്തിയാണ് ക്ലമന്റ് തട്ടിപ്പിന് കളമൊരുക്കിയത്.യുവതിയുടെ പൂർണ്ണ വിശ്വാസം നേടിയ ശേഷം വീഡിയോ കോളുകൾ പതിവാക്കി.കോളിനിടെ യുവതിയുടെ സ്വകാര്യ നിമിഷങ്ങൾ അയാൾ രഹസ്യമായി 'സ്ക്രീൻ റെക്കോർഡ്' ചെയ്തു.ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെ സ്വകാര്യ 'പെയ്ഡ്' ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് പണം വാങ്ങുന്നതായിരുന്നു ഇയാളുടെ പ്രധാന വരുമാനം.
പൊലിസ് അന്വേഷണത്തിൽ, ക്ലമന്റ് ഒരു വലിയ സൈബർ സംഘത്തിന്റെ നേതാവാണെന്നും, സമാനമായ തന്ത്രങ്ങൾ ഉപയോഗിചച് നിരവധി യുവതികളെ ഇയാൾ ചതിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഡിജിറ്റൽ യുഗത്തിലെ ഈ 'സൈബർ പ്രണയ തട്ടിപ്പ്' യുവതലമുറയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
പൊലീസ് നടപടി: മറ്റു പ്രതികൾക്കായി അന്വേഷണം
പരാതി ലഭിച്ചതിനെ തുടർന്ന് സൈബർ ക്രൈം സെൽ അതിവേഗം നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.ക്ലമന്റിന്റെ ഫോണിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും നിന്ന് തട്ടിപ്പ് സംബന്ധിച്ച നിർണായക തെളിവുകൾ പൊലിസ് ശേഖരിച്ചു.സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താനും അവരെ അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്."ഇത്തരം സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, യുവതികൾ വീഡിയോ കോളുകളിലും ഓൺലൈൻ ബന്ധങ്ങളിലും അതീവ ജാഗ്രത പാലിക്കണം," എന്ന് ഇൻസ്പെക്ടർ രാജേഷ് കുമാർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.