തിരുവനന്തപുരം: കോവളത്ത് കടലിനടിയിൽ കപ്പലിന്‍റെ കണ്ടെയ്നറിന്‍റെ ഒരു ഭാഗം കണ്ടെത്തി. കഴിഞ്ഞ മേയ് 25 ന് കടലിൽ മുങ്ങിയ എം എസ് സി എൽസ 3 കപ്പലിലെ കണ്ടെയിനറിന്‍റെ ഭാഗമാണ് ഇതെന്നാണ് കരുതുന്നത്. എം എസ് സി എൽസ 3 കപ്പൽ മുങ്ങിയതിന് ശേഷം ഒഴുകി നടന്ന കണ്ടെയ്നറുകൾ വിവിധ തീരങ്ങളിൽ അടിഞ്ഞിരുന്നെങ്കിലും ഇതാദ്യമായാണ് കണ്ടെയ്‌നറിന്റെ സാന്നിധ്യം കടലിനടിയിൽ നിന്നും കണ്ടെത്തുന്നത്. കോവളം അശോക ബീച്ചിന് സമീപം കടലിൽ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികൾ നൽകിയ സൂചനയെത്തുടർന്ന് രണ്ട് ദിവസമായി നടത്തിയ തിരച്ചിലിലാണ് കണ്ടെയ്‌നർ ഭാഗം കണ്ടെത്തിയത്.
മണ്ണിൽ പുതഞ്ഞ നിലയിൽ
കടലിന് അടിയിലുള്ള പാറപ്പാരുകൾക്ക് ഇടയിലായി മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു ഇത് കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്, കൊച്ചിയിലെ സ്കൂബ ഡൈവേഴ്സ് എന്നിവർ ചേർന്നാണു തിരച്ചിൽ നടത്തിയത്. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ മെയ് 24 നാണ് ചരക്കുകപ്പല്‍ മുങ്ങിയത്. മുങ്ങുമ്പോൾ എം എസ് സി എല്‍സ 3 ല്‍ അറുനൂറിൽ പരം കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്.
കണ്ടെയ്നറിൽ എന്ത്?
ലൈബീരിയന്‍ പതാക വഹിക്കുന്ന എം എസ് സി എല്‍സ 3 എന്ന കപ്പൽ 184 മീറ്റര്‍ നീളവും 26 മീറ്റര്‍ വിസ്താരവുമുണ്ടായിരുന്നു. കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം. കോവളത്തെ കടലിനടിയിൽ കണ്ടെത്തിയ കണ്ടയ്നറിൽ എന്തെന്നുള്ളത് പരിശോധിച്ച് കരയിലേക്കെത്തിക്കാനാണ് ശ്രമം.