നാദാപുരം: ഒമ്പതുവയസ്സ് പ്രായമുള്ള എൽ പി സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയ കേസിലെ പ്രതിക്ക് 74 വർഷം കഠിനതടവും 85000രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി. ആയഞ്ചേരി തറോപ്പൊയിൽ സ്വദേശി കുനിയിൽ ബാലൻ( 61 )എന്നയാളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ നൗഷാദലി ശിക്ഷിച്ചത്. 2024 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി പല ദിവസങ്ങളിലും കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയായിരുന്നുവെന്ന് സ്കൂൾ ടീച്ചറോട് കുട്ടി വിവരം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സിന്റെ സഹായത്തോടെ പോലീസിൽ പരാതി കൊടുക്കുകയാണ് ഉണ്ടായത്.
തൊട്ടിൽപ്പാലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളുടെയും അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന്പ്രതിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് 2024 ഫെബ്രുവരി ഒന്നാം തീയതി മുതൽ ജയിലിൽ കഴിഞ്ഞു വരികയാണ്. ജാമ്യ അപേക്ഷ നൽകിയെങ്കിലും അത് കോടതി അനുവദിക്കാത്തതിനാൽ വിചാരണ തടവുകാരനായി കഴിഞ്ഞു വരികയായിരുന്നു.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. 2024 ജനുവരി 31തീയതി രജിസ്റ്റർ ചെയ്ത കേസിൽ തൊട്ടിൽപാലം പോലീസ് ഇൻസ്പെക്ടർ ബിനു.ടി എസ് അന്വേഷണം നടത്തി ചാർജ് ഷീറ്റ് സമർപ്പിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ ആയിരുന്ന വിഷ്ണു എംപി, ഗ്രേഡ് എ എസ് ഐ സുശീല കെ പി എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.