കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസിൽ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ കെ. പത്മരാജൻ കുറ്റക്കാരനെന്ന് കോടതി. കേസിൽ തലശ്ശേരി പോക്സോ പ്രത്യേക കോടതി നാളെ ശിക്ഷ വിധിക്കും. ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് സംഭവം. കേസിൽ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അടക്കം നിരവധി സംഘങ്ങൾ അന്വേഷണം നടത്തിയിരുന്നു. ഒടുവിൽ 2021ൽ ഡിവൈഎസ്പി ടി.കെ രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിച്ചത്.
യുപി സ്‌കൂൾ അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചതായി 2020 മാർച്ച് 17നാണ് പെൺകുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയത്. പരാതി കിട്ടിയ അന്ന് മുതൽ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചെന്ന ആരോപണം ഉയർന്നിരുന്നു.
ലോക്ക് ഉള്ള ശുചിമുറിയിലും ഇല്ലാത്ത ശുചിമുറിയിലും പീഡനത്തിനിരയായതെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. പീഡനവിവരം പെൺകുട്ടി സഹപാഠികളോട് വെളിപ്പെടുത്തിയിരുന്നു. ഇവരിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. ഈ മൊഴി മുൻ അന്വേഷണ സംഘങ്ങളൊന്നും ശേഖരിച്ചിരുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു.
2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി അഞ്ച് ദിവസമാണ് കോടതി രേഖപ്പെടുത്തിയത്. കുട്ടിയുടെ സുഹൃത്ത്, നാല് അധ്യാപകർ ഉൾപ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടി മുതലും ഹാജരാക്കി.