കൊടുങ്ങല്ലൂര്‍: മോട്ടോര്‍ വാഹന വകുപ്പിന്റെപേരില്‍ വ്യാജ സന്ദേശമയച്ച് 9,90,000 രൂപ തട്ടിയെടുത്ത കേസില്‍ ഹരിയാന സ്വദേശിയായ യുവതി അറസ്റ്റില്‍. ഹരിയാന ഫരിദാബാദ് സ്വദേശി ലക്ഷ്മിയെയാണ് ( 23) റൂറല്‍ എസ്.പി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മേത്തല കോട്ടപ്പുറം കരിയപറമ്പില്‍ വീട്ടില്‍ തോമസ് ലാലനാണ് തട്ടിപ്പിനിരയായത്. തോമസിന്റെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമയച്ച് ആര്‍.ടി.ഒ ചലാന്‍ എ.പി.കെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചായിരുന്നു തട്ടിപ്പ്.
നിര്‍മാണ കരാറുകാരനായ തോമസ് ലാലന്‍ പണം പിന്‍വലിക്കുന്നതിനായി ബാങ്കിലെത്തിയപ്പോഴാണ് അക്കൗണ്ടില്‍ നിന്ന് പണം കൈമാറ്റം ചെയ്തതായി കണ്ടെത്തിയത്. സെപ്തംബര്‍ 29 ന് മൂന്നു തവണകളായി 9.90 ലക്ഷം രൂപ ഓണ്‍ലൈനായി കൈമാറ്റം ചെയ്തതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് റൂറല്‍ സൈബര്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് ഫോണില്‍ ആര്‍.ടി.ഒ ചലാന്‍ എന്ന പേരിലുള്ള എ.പി.കെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി കണ്ടെത്തിയത്.
പിന്നീട് ഹരിയാനയിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തുകയും പണം ക്രെഡിറ്റ് ആയ അക്കൗണ്ട് വ്യാജ വിലാസത്തിലുള്ളതാണെന്നും മനസിലായി. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ബാങ്ക് അക്കൗണ്ട് ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
തൃശൂര്‍ സൈബര്‍ പൊലിസ് സ്റ്റേഷന്‍ ജി.എസ്.ഐ സുജിത്, സി.പി.ഒ സച്ചിന്‍, കൊടുങ്ങല്ലൂര്‍ പൊലിസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ബി.കെ അരുണ്‍, എസ്.ഐ മനു, ജി.എസ്.ഐ തോമസ്, ജി.എ.എസ്.ഐ അസ്മാബി, സി.പി.ഒ ജിഷ ജോയ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.