കോഴിക്കോട്: നഗരത്തില്‍ വാഹനാപകടമരണങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ കർശന നടപടികളുമായി സിറ്റി ട്രാഫിക് പോലീസ്. അപകടമുണ്ടായാല്‍ ഡ്രൈവർമാർ പോലീസില്‍ ഹാജരാകാൻ വൈകിയാല്‍ ഉടൻ അറസ്റ്റ് നടപടികളും വൈദ്യപരിശോധനയുമായി മുന്നോട്ട് പോകാനാണ് സിറ്റി ട്രാഫിക്കിന്റെ പുതിയ തീരുമാനം.
ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം ഐ.ജി കാളിരാജ് മഹേഷ്‌കുമാറിന്റെ പ്രത്യേക നിർദേശപ്രകാരമാണ് നടപടിയെന്ന് സിറ്റി ട്രാഫിക് നോർത്ത് അസിസ്റ്റന്റ് കമ്മിഷണർ (എസിപി) എല്‍. സുരേഷ് ബാബു അറിയിച്ചു. മോട്ടോർ വാഹന വകുപ്പുമായി സംയുക്തമായാണ് തുടർനടപടികള്‍ സ്വീകരിക്കുക. മലപ്പുറം ജില്ല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വാഹനാപകട മരണങ്ങള്‍ റിപ്പോർട്ട് ചെയ്യുന്ന നഗരമാണ് കോഴിക്കോട് എന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നീക്കം
അപകടങ്ങള്‍ ഉണ്ടായാൽ ഡ്രൈവർമാർ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോവുകയോ, ദിവസങ്ങള്‍ക്കുശേഷം ഹാജരാവുകയോ ചെയ്യുന്ന പ്രവണത വ്യാപകമാണ്. വൈകി ഹാജരാവുമ്പോൾ ഡ്രൈവിങ്ങിനിടെ മദ്യപിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ ചെയ്തിരുന്നോ എന്ന് വൈദ്യപരിശോധനയിലൂടെ തെളിയിക്കാൻ പ്രയാസമാണെന്ന് എ.സി.പി ചൂണ്ടിക്കാട്ടി.
വാഹനാപകടങ്ങള്‍ ആവർത്തിക്കുന്ന ഡ്രൈവർമാർക്കെതിരെ കൂടുതല്‍ ശിക്ഷാ നടപടികളും സ്വീകരിക്കുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ ആവർത്തിക്കുന്ന ഡ്രൈവർമാർക്ക് മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ എടപ്പാളില്‍ നല്‍കിവന്നിരുന്ന മൂന്നുദിവസത്തെ ബോധവത്‌കരണ ക്ലാസ് ഇനിമുതല്‍ അഞ്ചുദിവസമായി ദീർഘിപ്പിച്ചു. ഇതിനു പുറമെ, മോട്ടോർ വാഹന വകുപ്പ് അത്തരം ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസുകള്‍ റദ്ദാക്കുകയും ചെയ്യും. നഗരത്തില്‍ സിറ്റി ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ ബുധനാഴ്ചയും ശനിയാഴ്ചയും ഇത്തരം ഡ്രൈവർമാർക്കായി പ്രത്യേക ക്ലാസുകളും നടത്തും.