കൊച്ചി: എസ്ഐആർ നീട്ടുവെക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹരജിയിൽ ഇടപെടാതെ ഹൈക്കോടതി. സംസ്ഥാന സർക്കാരിൻ്റെ ഹരജി അവസാനിപ്പിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ സുപ്രിംകോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടർപട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടർ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നുമാണെന്നായിരുന്നു സംസ്ഥാന സർക്കാർ ആരോപിച്ചത്. കേരളത്തിൽ വോട്ടർ പട്ടികയുടെ തീവ്ര പരിശോധന നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗത്തിൽ തീരുമാനമുണ്ടായിരുന്നു.
യോഗത്തിൽ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികൾ സർക്കാർ തീരുമാനത്തെ പൂർണമായും പിന്തുണക്കുകയായിരുന്നു ചെയ്തത്. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അടിയന്തരമായി നിർത്തിവെക്കണമെന്നും ഡിസംബർ 20ന് ശേഷം മാത്രമേ നടപ്പിലാക്കാൻ പാടുള്ളൂവെന്നുമായിരുന്നു ആവശ്യം.