ബാലുശ്ശേരി: ബാലുശ്ശേരി സംസ്കൃത കോളേജിൽ കാട്ടുപന്നിയുടെ ആക്രമണം. കോളേജ് അധ്യാപകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം. അധ്യാപകനായ മനോജ് കുമാർ ലൈബ്രറിയിൽ നിന്നും ഇറങ്ങി ഓഫീസിലേക്ക് കോളേജ് വരാന്തയിലൂടെ നടക്കുന്നതിനിടെയാണ് ആക്രമണം.
കാട്ടുപന്നി അധ്യാപകന് നേരെ പാഞ്ഞടുക്കുകയായിരുന്നു. എന്നാൽ അധ്യാപകൻ പൊടുന്നനെ ഒഴിഞ്ഞുമാറിയത് കൊണ്ട് രക്ഷപ്പെട്ടു. ഉന്നംമാറി ഭിത്തിയിലിടിച്ചതോടെ കാട്ടുപന്നി പിൻമാറി തിരികെപോയി. ഈ സമയം വിദ്യാർത്ഥികളാരും പുറത്തില്ലാതിരുന്നതുകൊണ്ട് വലിയൊരു അപകടമാണ് ഒഴിവായത്.
ബാലുശ്ശേരി ടൗണിനോട് ചേർന്ന് പ്രവർത്തിക്കുന്ന സംസ്കൃത കോളേജിൻ്റെ പരിസരമാകെ കാടുപിടിച്ച് കിടയ്ക്കുകയാണ്. കാടെല്ലാം വെട്ടിത്തെളിച്ച് വൃത്തിയാക്കാൻ നാട്ടുകാരടക്കം നിരന്തരമായി അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്. അതിനിടയ്ക്കാണ് ഈ നടുക്കുന്ന സംഭവം.