തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ ഏഴ് ജില്ലകളിൽ നടക്കുന്ന വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ഭേദപ്പെട്ട പോളിംഗ്. വൈകീട്ട് 5 മണി വരെയുള്ള കണക്ക് പ്രകാരം 68.45 % പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ് (71.93%). കുറവ് പോളിംഗ് തിരുവനന്തപുരത്താണ് (64.55%). കൊല്ലം (67.86%), പത്തനംതിട്ട (64.78%), ആലപ്പുഴ (71.26%), കോട്ടയം (68.44%), ഇടുക്കി (68.45%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് സമയമെങ്കിലും വരിയിൽ ക്യൂ നിൽക്കുന്നവർക്ക് ടോക്കൺ നൽകി ആറ് മണിക്ക് ശേഷവും വോട്ട് ചെയ്യാൻ അനുവദിക്കും. പൊതുവെ സമാധാനപരമാണ് വോട്ടെടുപ്പെങ്കിലും ചില സ്ഥലങ്ങളിൽ സംഘർഷം ഉടലെടുത്തു