മൊഹാലി: അഫ്ഗാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് അനായാസ വിജയം. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ അഫ്ഗാനെ കീഴടക്കിയത്. അഫ്ഗാന് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ ശിവം ദുബെയാണ് (60) ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. ബൗളിങ്ങില്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ശിവമാണ് മത്സരത്തിലെ താരവും. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.