അഡ്‌ലെയ്ഡ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നെതര്‍ലന്‍ഡ്സ് അട്ടിമറി ജയം നേടിയതോടെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് രണ്ടില്‍ വഴിത്തിരിവ്. ദക്ഷിണാഫ്രിക്ക ടൂര്‍ണ്ണമെന്റെില്‍ നിന്ന് പുറത്തായി. ഇതോടെ ഇന്ത്യ സെമി ഉറപ്പിച്ചപ്പോള്‍ പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള മത്സരം നിര്‍ണായകമായി. ജയിക്കുന്നവര്‍ക്ക് സെമിയില്‍ പ്രവേശിക്കാം.
ദക്ഷിണാഫ്രിക്കയെ നെതര്‍ലന്‍ഡ്സ് 13 റണ്ണിനാണ് പരാജയപ്പെടുത്തിയത്. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെമ്പ ബാവുമ നെതര്‍ലന്‍ഡ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ നെതര്‍ലന്‍ഡ്സ് 158 റണ്ണടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 145 റണ്‍സില്‍ നെതര്‍ലന്‍ഡ്സ് ബൗളര്‍മാര്‍ തളച്ചു. എട്ടുവിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്സിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ച കോളിന്‍ അക്കര്‍മാന്‍ ആണ് മത്സരത്തിലെ താരം. 26 പന്തില്‍ നിന്ന് പുറത്താകാതെ അക്കര്‍മാന്‍ 41 റണ്‍സടിച്ചു. സ്റ്റീഫന്‍ മൈബര്‍ഗും (37) ടോം കൂപ്പറും (35) നെതര്‍ലന്‍ഡ്സ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ആര്‍ക്കും കാര്യമായ ചെറുത്തുനില്‍പ്പിന് സാധിച്ചില്ല. 25 റണ്‍സ് നേടിയ റീലി റോസോവ് ആണ് ടോപ് സ്‌കോറര്‍.
ഞായറാഴ്ച ഉച്ചയ്ക്ക് സിംബാവെയുമായാണ് ഇന്ത്യയുടെ അവസാന മത്സരം. ഇതിന് മുമ്പായി തന്നെ പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുകാണ്. ഗ്രൂപ്പ് രണ്ടിലെ അവസാനത്തെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലാദേശും പാകിസ്താനും മൈതാനത്തിറങ്ങിയിട്ടുണ്ട്. ഇതില്‍ വിജയിക്കുന്നവര്‍ സെമിയില്‍ പ്രവേശിക്കും. ഇരു ടീമുകള്‍ക്കും നിലവില്‍ നാല് പോയിന്റ് വീതമാണുള്ളത്. ഇന്ത്യക്ക് ആറ് പോയിന്റുണ്ട്. അഞ്ചു പോയിന്റുണ്ടായിരുന്ന ദക്ഷിണാഫ്രിക്ക ഇന്നത്തെ മത്സരത്തോടെ തോറ്റ് പുറത്താകുകയും ചെയ്തു. നെതര്‍ലന്‍ഡ്സിന് നാല് പോയിന്റുണ്ടെങ്കിലും അവര്‍ക്ക് ഇനി മത്സരങ്ങളില്ല. മൂന്ന് പോയിന്റുള്ള സിംബാവെ അവരുടെ അവസാന മത്സരത്തില്‍ ഇന്ത്യക്കെതിരെയാണ് ഇന്ന് ഇറങ്ങുന്നത്.